ഗവര്‍ണ്ണറുടെ നിലപാട്: സര്‍വ്വകലാശാലകളുടെ സ്വയം ഭരണാവകാശത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടി. -ജി.ദേവരാജന്‍.

ഗവര്‍ണ്ണറുടെ നിലപാട്: സർക്കാരിന്  തിരിച്ചടി; ജി. ദേവരാജന്‍.
കൊല്ലം: ഗവര്‍ണ്ണറുടെ നിലപാട് പ്രകാരം, സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍.
      സര്‍വ്വകലാശാലകളിലെ നിയമന കാര്യങ്ങളില്‍ അസഹനീയമായ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നൂവെന്ന ഗവര്‍ണ്ണറുടെ വെളിപ്പെടുത്തലും വേണമെങ്കില്‍ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളൂവെന്ന ഗവര്‍ണ്ണറുടെ പരിഹാസം നിറഞ്ഞ അഭ്യര്‍ത്ഥനയും സര്‍വ്വ കലാശാലകളുടെ സ്വയം ഭരണാവകാശത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നാണ് ജി. ദേവരാജൻ പറയുന്നത്.
       കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ആറു വര്‍ഷക്കാലമായി തകൃതിയായി പിന്‍ വാതില്‍ നിയമനങ്ങള്‍ നടക്കുന്നുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിവെക്കുന്നതാണ്, ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലൂടെ വെളിവാകുന്നത്. സര്‍വ്വകലാശാല ചട്ടമനുസരിച്ച് സര്‍വ്വകലാശാലകളില്‍ സര്‍ക്കാരിന് പരിമിതമായ അധികാരങ്ങളേ ഉള്ളൂ. എന്നാല്‍, ചാന്‍സലറായ ഗവര്‍ണ്ണര്‍ക്ക് വിപുലമായ അധികാരങ്ങളാണ് ഉള്ളത്. അതിനാല്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുനര്‍നിയമിക്കണമെന്നു ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കത്തു നല്‍കിയത് അഴിമതിയും സത്യപ്രതിജ്ഞാ ലംഘനവുമാണ്. വൈസ് ചാന്‍സലറുടെ പുനര്‍നിയമനം നിലവിലെ എല്ലാ ചട്ടങ്ങള്‍ക്കും എതിരുമാണ്. അതിനാല്‍ മന്ത്രിയ്ക്കും വൈസ് ചാന്‍സലര്‍ക്കും തത്സ്ഥാനങ്ങളില്‍ തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ല. 
       കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് കേരളത്തിനു പുറത്തും നല്ല മതിപ്പാണ് ഉണ്ടായിരുന്നത്. എന്നാല്‍ അടിക്കടി ഉയര്‍ന്നു വരുന്ന സ്വജനപക്ഷപാതവും പാര്‍ശ്വവര്‍ത്തി നിയമനങ്ങളും മാര്‍ക്കുദാനവും പരീക്ഷാതട്ടിപ്പുകളും അമിതമായ രാഷ്ട്രീയവല്‍ക്കരണവും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ, കാളക്കൂറ്റന്‍ കയറിയ പിഞ്ഞാണിക്കട പോലെ തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു. സ്വന്തക്കാരെ നിയമിക്കുന്നതിനും സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തുന്ന കേട്ടുകേള്‍വി ഇല്ലാത്ത നടപടികള്‍ വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇതിന്‍റെ പേരില്‍ പിണറായി സര്‍ക്കാരിന് കേരള സമൂഹത്തിനു മുമ്പാകെ നാളെ മാപ്പു പറയേണ്ടി വരുമെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.

1 അഭിപ്രായങ്ങള്‍

  1. സർക്കാർ ചാൻസലറോട് നിയമനത്തിനായി കത്തിലൂടെ ആവശ്യപ്പെടാൻ പാടില്ലായെന്നു ഏതു നിയമ പുസ്തകത്തിലാണ് പറഞ്ഞിരിക്കുന്നത്. അങ്ങിനെ ആവശ്യപ്പെട്ടാൽ ആവശ്യം നിരസ്സിക്കുന്നതിനു പകരം പരസ്യമായി വിളിച്ചു പറയുന്നത് ഒരു ഗവർണ്ണർക്കു ഭൂഷണമായി തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ