കരിക്ക് വില്‍പ്പനക്കാരന്‍ ഓടിച്ച ആംബുലന്‍സ് ഇടിച്ച്‌ നാലു പേര്‍ക്ക് പരിക്ക്.

കരിക്ക് വില്‍പ്പനക്കാരന്‍ ഓടിച്ച ആംബുലന്‍സ് ഇടിച്ച്‌ നാലു പേര്‍ക്ക് പരിക്ക്. 
ഏറ്റുമാനൂർ: കട്ടച്ചിറയില്‍ കരിക്ക് വില്‍പ്പനക്കാരന്‍ ഓടിച്ച ആംബുലന്‍സ് ഇടിച്ച്‌ നാലു പേര്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട ആംബുലന്‍സ് രണ്ടു ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിച്ചു. വെള്ളിയാഴ്ച വൈകിട്ടു നാല് മണിയോടെയാണ് അപകടം. പാലാ ജനറല്‍ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
     ഡ്രൈവര്‍ ദാഹമകറ്റുന്നതിനായി കരിക്ക് കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ആംബുലന്‍സ് ഓടിക്കാനുള്ള കരിക്ക് വില്‍പനക്കാരന്റെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ കടയുടെ മുന്‍പിലായിട്ടാണു പാര്‍ക്ക് ചെയ്തിരുന്നത്. ഇതു മാറ്റിയിടുന്നതിനാണ് കരിക്ക് വില്‍പനക്കാരന്‍ സ്വയം വാഹനത്തിനുള്ളില്‍ കയറിയത്. എന്നാല്‍ ഗിയര്‍ മാറ്റിയതിലെ പിഴവു മൂലം ആംബലുന്‍സ് പിന്നോട്ടു നീങ്ങി അപകടത്തില്‍പ്പെടുകയായിരുന്നു.
    ആംബുലന്‍സ് പിന്നോട്ടു നീങ്ങി രണ്ട് ഓട്ടോറിക്ഷയിലും രണ്ട് ബൈക്കുകുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാര്‍ക്കും നിര്‍ത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്ന കുഞ്ഞുമോന്‍ എന്നയാള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കരിക്ക് വില്‍പനക്കാരന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.
    ഡ്രൈവര്‍ അറിയാതെയാണ് കരിക്ക് വില്‍പനക്കാരന്‍ വാഹനത്തില്‍ കയറിയത്. സംഭവശേഷം കരിക്ക് വില്‍പനക്കാരനെ അന്വേഷിച്ച്‌ കിടങ്ങൂര്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. 

Post a Comment

വളരെ പുതിയ വളരെ പഴയ