രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ കാര്‍, ശുചിമുറിയില്‍ വെള്ളമില്ല; പിഴവുകളില്‍ അന്വേഷണം.
തിരു.: തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ തുടര്‍ച്ചയായുണ്ടായ പിഴവുകളില്‍ അന്വേഷണം. കഴിഞ്ഞ ദിവസം പൂജപ്പുരയില്‍ നടന്ന പി. എന്‍. പണിക്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് ഗുരുതരമായ പിഴവുകളുണ്ടായത്. രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയില്‍ വെള്ളം ലഭിക്കാഞ്ഞതും വേദിയിലെ ഇരിപ്പിടത്തിലുണ്ടായ അപാകതയും ഔദ്യോഗിക വാഹന വ്യൂഹത്തിലെ ആശയക്കുഴപ്പവുമാണ് സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുന്നത്.
പൂജപ്പുരിയിലെ ഉദ്ഘാടന വേദിയോട് ചേര്‍ന്ന് രാഷ്ട്രപതിക്കായി ഒരുക്കിയ വിശ്രമമുറിയിലെ ശുചിമുറിയില്‍ ഉപയോഗിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല. വാട്ടര്‍ കണക്ഷന്‍ നല്‍കാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര പിഴവാണുണ്ടായത്. പുറത്തു നിന്ന് വെള്ളം കൊണ്ടു വരുന്നതു വരെ രാഷ്ട്രപതിക്ക് കാത്തു നില്‍ക്കേണ്ടി വന്നു. ഇത് ചടങ്ങ് വൈകാനും കാരണമായി. ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ പ്രഥമ വനിതയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയതും പ്രോട്ടോക്കോള്‍ ലംഘനമാണ്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ രാഷ്ട്രപതിയുടെ ഭാര്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധിക്കാതെയാണ് ഇരിപ്പിടം തയ്യാറാക്കിയത്. പിന്നീട് ചടങ്ങിന് തൊട്ടുമുമ്പ് ഈ ഇരിപ്പിടം എടുത്തു മാറ്റേണ്ടിയും വന്നു. വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ പിന്തുടരാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം ശ്രമിച്ചതും ആശയക്കുഴപ്പമുണ്ടാക്കി. ഇതും പിഴവായാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കരുതുന്നത്. ഇക്കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സുകള്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. സംഘാടകരില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
إرسال تعليق