ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തി നല്‍കിയിട്ടില്ല; ഊരാളുങ്കലിനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി.
തിരു.: കടലേറ്റത്തില്‍ തകര്‍ന്ന ശംഖുമുഖം റോഡ് നവീകരണം വൈകുന്നതില്‍ കരാര്‍ കമ്പനിയെ ശാസിച്ചുവെന്ന വാര്‍ത്ത നിഷേധിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്. രണ്ട് ദിവസം മുമ്പാണ് റോഡ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട യോഗത്തില്‍, നിർമ്മാണ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ പങ്കെടുക്കാതിരുന്നതിന് മന്ത്രി കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ശാസിച്ചത്. യോഗത്തിന് ശേഷം നിര്‍മ്മാണ പ്രവൃത്തിയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മുമ്പ് പല ജോലികളും സമയത്തിന് ചെയ്ത് തീര്‍ത്ത ചരിത്രമുള്ളതാണ് ശംഖുമുഖം റോഡിന്റെ കരാറുകാരെന്നും എന്നാല്‍, മുന്‍കാല പ്രവൃത്തിയുടെ പേരില്‍ ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തി കൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ കരാറുകാരെയും ഒരേ പോലെയാണ് വകുപ്പ് കാണുന്നത്. അങ്ങനെ ഒരിളവും ആര്‍ക്കും നല്‍കില്ല. പ്രവൃത്തി തടസമില്ലാതെ പോകണം. അതിനായി വകുപ്പിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി മുതല്‍ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ നിര്‍മ്മാമാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം സംവിധാനം നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമെ നിശ്ചിത സമയത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് ഇന്‍സന്റീവ് നല്‍കുമെന്നും അതിനൊപ്പം വൈകിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
إرسال تعليق