ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ലോഗോ പുതുക്കി; ഗുരുവിന്റെ ചിത്രത്തോടെ.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ലോഗോ പുതുക്കി; ഗുരുവിന്റെ ചിത്രത്തോടെ.
കൊല്ലം: വിവാദങ്ങൾക്കൊടുവിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഗുരുവിന്റെ ചിത്രമടങ്ങിയ ലോഗോ വരുന്നു. വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ വിദഗ്ധസമിതി തിരഞ്ഞെടുത്ത ലോഗോ അടച്ച കവറിൽ സർവകലാശാലയ്ക്ക് സമർപ്പിച്ചു.
ലോഗോയിൽ ഗുരുവചനം ഉൾപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചേരുന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുന്നതോടെ ലോഗോ പ്രകാശനംചെയ്യാൻ സാധിക്കും. 'വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്ന ഗുരുവചനമാണ് ലോഗോയിലുള്ളത്. പഴയ ലോഗോയിൽ 'വിദ്യയിലൂടെ വിമോചനം' എന്ന് അർഥം വരുന്ന തരത്തിലാണ് ഇത് ഇംഗ്ലീഷിലേക്ക് മാറ്റിയിരുന്നത്. പുതിയ ലോഗോയിൽ ഇത് തിരുത്തിയിട്ടുണ്ട്.
     ഫൈൻ ആർട്സ് കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്നടക്കം ലഭിച്ചതിൽ നിന്ന് തിരഞ്ഞെടുത്ത ലോഗോ, വിദഗ്ധസമിതി നിർദ്ദേശിച്ച ചില പരിഷ്കാരങ്ങൾ വരുത്തിയാണ് അന്തിമരൂപത്തിലാക്കിയത്. ഇ-മെയിലിലൂടെ മാത്രം 127 ലോഗോ ലഭിച്ചിരുന്നു. നേരിട്ടും ഒട്ടേറെപ്പേർ സൃഷ്ടികൾ അയച്ചു. ആദ്യം പ്രകാശനം ചെയ്ത ലോഗോ, വിവാദത്തെത്തുടർന്ന് ജനുവരി 11-ന് മരവിപ്പിച്ചിരുന്നു. അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ വിദഗ്ധസമിതി ഇക്കാര്യം പരിശോധിക്കുമെന്നായിരുന്നു സർവകലാശാലയുടെ അറിയിപ്പ്. കലാമണ്ഡലം വൈസ് ചാൻസലർ ടി. കെ. നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. മനോജ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ.
     ആദ്യ ലോഗോയിൽ ഗുരുവിന്റെ ചിത്രം ഉൾപ്പെടുത്താതെ ഇരുന്നതായിരുന്നു വിവാദത്തിന്റെ കേന്ദ്രബിന്ദു. ഗുരുവചനം വികലമായി രേഖപ്പെടുത്തിയെന്നും ലോഗോ കോപ്പിയടിച്ചതാണെന്നും പരാതിയുണ്ടായി. ഗുരുവിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ ലോഗോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പു.ക.സ. സംസ്ഥാനസമിതി അംഗം ബാബു കെ. പന്മന ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും പരാതിനൽകിയിരുന്നു. ഇതേത്തുടർന്നാണ് ആദ്യ ലോഗോ മരവിപ്പിച്ചത്.
       എല്ലാ വശങ്ങളും പരിഗണിച്ച്, സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണ് ലോഗോ തിരഞ്ഞെടുത്തത്. ലോഗോ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും പരാതികൾ ഉണ്ടാകില്ലെന്നുമാണ് വിശ്വാസമെന്ന് വിദഗ്ധസമിതി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

Post a Comment

أحدث أقدم