ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കും; ലോക്‌സഭയില്‍ ബില്‍ പാസായി.

ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കും; ലോക്‌സഭയില്‍ ബില്‍ പാസായി.

ന്യൂഡൽഹി: ആധാർ നമ്പറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ശബ്ദ വോട്ടുകളോടെയാണ് 'ദ ഇലക്ഷൻ ലോസ് (അമെൻഡ്മെന്റ്) ബിൽ 2021' സഭയിൽ പാസായത്. അതേസമയം, ആധാർ നമ്പറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ്, എ.ഐ.എം.ഐ.എം., ബി.എസ്.പി. തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

       സർക്കാർ നീക്കം പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു. ബിൽ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിയമമന്ത്രി കിരൺ റിഡ്ജുവാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളവും പ്രതിഷേധവും മറികടന്നാണ് ബിൽ പാസായത്.

      കള്ളവോട്ടു തടയുക എന്നതാണ് ഭേദഗതി ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്. ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാൾക്ക് ഒരിടത്തു മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭേദഗതി നിർദ്ദേശം സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടത്.

      വോട്ടർ കാർഡിൽ പേര് ചേർക്കുന്നതിനൊപ്പം ആധാർ നമ്പർ കൂടി രേഖപ്പെടുത്തണമെന്ന് ഭേദഗതി ബിൽ നിർദ്ദേശിക്കുന്നുണ്ട്. വോട്ടർ പട്ടികയിൽ നിലവിൽ പേരു ചേർത്തവരോടും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്ക് ആധാർ നമ്പർ ചോദിക്കാം. എന്നാൽ, ആധാർ കാർഡോ നമ്പറോ ഹാജരാക്കാൻ കഴിഞ്ഞില്ല എന്ന കാരണത്താൽ ഒരാളുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതെ ഇരിക്കരുതെന്നും അത്തരം അപേക്ഷകൾ സ്വീകരിക്കാതെ ഇരിക്കരുതെന്നും ബിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ഉള്ളവരെ മറ്റ് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്നും നിർദ്ദേശിക്കുന്നു

      ഒരു വ്യക്തിയുടെ പേര് വിവിധ സ്ഥലത്തെ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്ന പ്രശ്നം (ഇരട്ടവോട്ട്) ഒഴിവാക്കുന്നതിനാണ് വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് ബില്ലിന്റെ ലക്ഷ്യം സംബന്ധിച്ച പ്രസ്താവനയിൽ പറയുന്നുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് വർഷത്തിൽ നാലു പ്രാവശ്യം അവസരം നൽകുന്ന രീതിയിൽ സമയക്രമം നിശ്ചയിക്കണമെന്ന് ബില്ലിൽ പറയുന്നു. ജനുവരി 1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നിങ്ങനെ നാല് അവസരങ്ങളിൽ വോട്ടർ പട്ടിക പുതുക്കുകയും പേര് ചേർക്കുകയും ചെയ്യാം. സൈനികർക്കും ജീവിത പങ്കാളികൾക്കും നാട്ടിലെ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരം നൽകും.


Post a Comment

വളരെ പുതിയ വളരെ പഴയ