വാർഷിക പദ്ധതി തുക വിനിയോഗം: കോട്ടയത്ത്, മണിമല പഞ്ചായത്ത് മുന്നിൽ.

വാർഷിക പദ്ധതി തുക വിനിയോഗം:  കോട്ടയത്ത്, മണിമല പഞ്ചായത്ത് മുന്നിൽ.
കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  വാർഷിക പദ്ധതി തുക വിനിയോഗത്തിൽ മണിമല ഗ്രാമപഞ്ചായത്ത് മുന്നിൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിലാണ് വിലയിരുത്തൽ. മണിമലയിൽ 55.12 ശതമാനം തുകയാണ് വിനിയോഗിച്ചത്. 53.23 ശതമാനം വിനിയോഗിച്ച കിടങ്ങൂരാണ് രണ്ടാം സ്ഥാനത്ത്. 51.01 ശതമാനം ചെലവഴിച്ച ഉഴവൂരിനാണ് മൂന്നാം സ്ഥാനം.
      നഗരസഭകളിൽ ഒന്നാമത്  വൈക്കവും (38.12 %) രണ്ടാമത് പാലായുമാണ് (32.85 %). ബ്ലോക്കു പഞ്ചായത്തുകളിൽ വൈക്കം (43.45%),  വാഴൂർ (41.52 %), ഉഴവൂർ (37.80 %) എന്നിവ മുന്നിട്ടു നിൽക്കുന്നു. 21.68 ശതമാനമാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.
       31.68 % തുക ചെലവഴിച്ച കോട്ടയം ജില്ല സംസ്ഥാനതലത്തിൽ എട്ടാം സ്ഥാനത്താണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യം മൂലം പൊതുമരാമത്ത് പ്രവൃത്തികൾ നടത്തുന്നതിന് കാലതാമസം നേരിട്ടതാണ് തുക വിനിയോഗം കുറയാൻ കാരണമെന്ന് പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ വിശദീകരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ, സെക്രട്ടറി, പി.എ.യു. പ്രോജക്ട് ഡയറക്ടർ, ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എന്നിവരാണ് നിർവ്വഹണ ഉദ്യോഗസ്ഥർ.
       കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ത്രിദിന അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സി. എൻ. സുബാഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم