'ഒരിക്കല്‍ പിടി വീഴും, പിന്നെ ആ കസേരയില്‍ കാണില്ല'; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി.
തിരു.: ജനങ്ങള്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുമ്പോൾ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ആരോഗ്യകരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവകാശത്തിനായാണ് ആളുകള്‍ ഓഫീസില്‍ വരുന്നതെന്ന ബോധ്യമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ജനങ്ങള്‍ ചില കാര്യങ്ങള്‍ക്ക് സമീപിക്കുമ്പോൾ അത്ര ആരോഗ്യകരമായ സമീപനമില്ലെന്ന പരാതിയുണ്ട്. അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നത്. അനുവദിക്കാന്‍ പറ്റാവുന്ന കാര്യങ്ങള്‍ക്ക് തടസ്സനിലപാട് സ്വീകരിക്കരുത്. എല്ലാ ജീവനക്കാരും ഇത്തരക്കാരാണെന്നല്ല, എന്നാല്‍ ചിലര്‍ ഉണ്ട്. തിരുത്തല്‍ വേണം' - മുഖ്യമന്ത്രി പറഞ്ഞു.
'സംസ്ഥാനത്തിന്റെ പൊതു സ്വഭാവത്തിന് ചേരാത്ത കടുത്ത ദുഷ്പ്രവണതകള്‍ നില നില്‍ക്കുന്നു എന്നതാണ് വസ്തുത. വര്‍ഷത്തില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ഇതും ചര്‍ച്ച ചെയ്യണം. നാടിനെ സേവിക്കാനാണ്, ആ വരുന്നവരെ വിഷമിപ്പിക്കാനോ പ്രയാസപ്പെടുത്താനോ അല്ല കസേരയില്‍ ഇരിക്കുന്നത്. ആ ഉദ്ദേശ്യത്തോടെ കാര്യം നീക്കിയാല്‍ ഒരു ഘട്ടത്തില്‍ പിടി വീഴും. പിന്നെ ഇരിക്കുന്നത് ആ കസേരയില്‍ ആവില്ല, താമസം എവിടെയാകുമെന്ന് എല്ലാവര്‍ക്കും അറിയാം' -മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
إرسال تعليق