തങ്ക അങ്കി ഘോഷയാത്ര നാളെ ആറൻമുളയിൽ നിന്ന്.

തങ്ക അങ്കി ഘോഷയാത്ര നാളെ ആറൻമുളയിൽ നിന്ന്.
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഭഗവാൻ അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഡിസംബര്‍ 22 ന് രാവിലെ 7 മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ഘോഷയാത്ര 25-ാം തീയതി ഉച്ചക്ക് പമ്പയിൽ എത്തിച്ചേരും. വൈകുന്നേരം 3 മണിക്ക് പമ്പയിൽ നിന്ന് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് അഞ്ചു മണിയോടെ ശരംകുത്തിയിൽ വെച്ച് ആചാരപ്രകാരമുള്ള സ്വീകരണം നൽകും.
      ശബരിമല ക്ഷേത്രത്തില്‍ നിന്നും തന്ത്രി പൂജിച്ചു നൽകിയ പ്രത്യേക പുഷ്പഹാരങ്ങൾ അണിഞ്ഞെത്തുന്ന ദേവസ്വം ബോർഡ് ജീവനക്കാരും മറ്റ്  വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘം ആണ് തങ്ക അങ്കിയെ ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുന്നത്. ഘോഷയാത്ര പതിനെട്ടാംപടി കയറി വരുമ്പോൾ കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോർഡ് പ്രസിഡൻ്റും അംഗങ്ങളും ചേർന്ന് തങ്ക അങ്കിയെ സ്വീകരിക്കും. പിന്നീട് തങ്ക അങ്കി പേടകം സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി 6.30 ന് ദീപാരാധന നടത്തും.
      ഡിസംബർ 26 ന് ഉച്ചക്ക് 11.50 നും 1.15 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. തങ്ക അങ്കി ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ ഭക്തി നിർഭരമായ സ്വീകരണം നല്‍കും. 22 ന് രാവിലെ അഞ്ചു മണി മുതല്‍ ഏഴു വരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ ഭക്തർക്ക് അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വെച്ചതാണ് തങ്ക അങ്കി. 22 ന് തങ്ക അങ്കി ഘോഷയാത്രയെ ആറന്മുള ക്ഷേത്രത്തിൽ നിന്ന് ആചാരപൂർവം യാത്രയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ. അനന്തഗോപനും, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേലും പി. എം. തങ്കപ്പനും ദേവസ്വം കമ്മീഷണറും രാവിലെ തന്നെ ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേരും.
      മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് തിരുനട അടയ്ക്കും. വൈകുന്നേരം നാലു മണിക്ക് ക്ഷേത്ര നട വീണ്ടും തുറക്കും. 6.30 ന് ദീപാരാധന തുടർന്ന് പടിപൂജയും ഉണ്ടാവും. അത്താഴ പൂജക്ക് ശേഷം രാത്രി 9.50 ന് ഹരിവരാസനം പാടി 10 മണിക്ക് ക്ഷേത്രനട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉത്സവ തീർത്ഥാടനത്തിനും സമാപനമാകും.  
        മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും അന്നേ ദിവസം ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല. 31 മുതൽ 2022 ജനുവരി 19 വരെ അയ്യപ്പഭക്തർക്ക് ശബരിമല ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 2022 ലെ ശബരിമല മകരവിളക്ക്- മകരജ്യോതി ദർശനം ജനുവരി 14 നാണ്. ജനുവരി 19 ന് മാളികപ്പുറത്ത് ഗുരുതി നടക്കും. പൂജകൾ പൂർത്തിയാക്കി ജനുവരി 20 ന് തിരുനട അടയ്ക്കും.
      

Post a Comment

വളരെ പുതിയ വളരെ പഴയ