പ്രധാനമന്ത്രിയുടെ കാറിന്റെ വില പ്രചരിപ്പിച്ചതിന്റെ മൂന്നിലൊന്ന് മാത്രമെന്ന്‌ കേന്ദ്രം.

പ്രധാനമന്ത്രിയുടെ കാറിന്റെ വില പ്രചരിപ്പിച്ചതിന്റെ മൂന്നിലൊന്ന് മാത്രമെന്ന്‌ കേന്ദ്രം.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഞ്ചരിക്കാന്‍ അതിസുരക്ഷാ സജ്ജീകരണങ്ങൾ അടങ്ങിയ മെഴ്സിഡസ്-മെയ്ബാ എസ്. 650 കാര്‍ വാങ്ങിയത് പതിവു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമെന്ന് വിശദീകരണം. കഴിഞ്ഞ ദിവസം പുറത്തു വന്ന വിലയുടെ മൂന്നിലൊന്നു മാത്രമേ പുതിയ കാറിനുള്ളൂ എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
'സുരക്ഷയ്ക്ക് ഏതൊക്കെ കാറുകള്‍ തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി അഭിപ്രായം പ്രകടിപ്പിക്കാറില്ല. എസ്.പി.ജി. സ്വതന്ത്രമായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഒരു വാഹനം ആറു വര്‍ഷമെന്നതാണ് എസ്.പി.ജി. മാനദണ്ഡം. എന്നാല്‍, മുന്‍പത്തെ ബി.എം.ഡബ്ല്യു. സീരീസ് കാര്‍ എട്ടു വര്‍ഷമായി ഉപയോഗിക്കുന്നു. എസ്.പി.ജി. ഓഡിറ്റില്‍ ഇക്കാര്യം വിമര്‍ശനവിധേയമായ പശ്ചാത്തലത്തിലാണ് മാറ്റം. ഇപ്പോഴത്തേത് കൂടുതല്‍ മെച്ചപ്പെട്ടത് വാങ്ങലല്ല. ബി.എം.ഡബ്ല്യു. പഴയ മാതൃക ഇപ്പോള്‍ ഇറക്കുന്നില്ല. സോണിയ ഗാന്ധിക്കായി നേരത്തേ ഉപയോഗിച്ച റേഞ്ച് റോവര്‍ യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിക്കായി വാങ്ങിയതാണെന്നും' ഉദ്യോഗസ്ഥര്‍ അറിയിച്ചു.
      കോവിഡ് പ്രതിസന്ധിയില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ചെലവു ചുരുക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് ആഡംബരക്കാറും മറ്റും വാങ്ങി ധൂര്‍ത്തടിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി സ്വയം 'ഫക്കീര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. 8000 കോടിയുടെ വിമാനത്തില്‍ പറക്കുകയും കോടികളുടെ കാറില്‍ കുതിക്കുകയും 2000 കോടിയുടെ വീടു പണിയുകയും ചെയ്യുന്ന മോദിയെപ്പോലൊരു ഫക്കീറാകാന്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും താത്പര്യമുണ്ടാകുമെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞിഞിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ