മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു.
ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്നലെ വൈകിട്ട് തുറന്നു. ഇന്ന് രാവിലെ മുതൽ തീർഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. കരിമല വഴിയുള്ള തീർത്ഥാടനവും ഇന്നു മുതൽ അനുവദിക്കും. ജനുവരി 14നാണ് മകരവിളക്ക്.
3 ദിവസത്തെ യോഗനിദ്രയിൽ നിന്ന് മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശാസ്താവിനെ പള്ളിയുണർത്തി. ഇന്നലെ വൈകിട്ട് 5 മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിച്ചു.
ഇന്നു മുതലാണ് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിട്ടു തുടങ്ങിയത്. പരമ്പരാഗത കാനന പാത വഴി തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് യാത്ര ചെയ്യാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. വെള്ളിയാഴ്ച മുതല്‍ കാനന പാതയില്‍ കൂടി തീര്‍ത്ഥാടകരെ കടത്തി വിടും.
മാളികപ്പുറത്ത് പ്രസാദ വിതരണത്തിന് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. അപ്പവും അരവണയും കരുതല്‍ ശേഖരമായിട്ടുണ്ട്. ജനുവരി 12 ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്രയും പുറപ്പെടും.
മകരവിളക്കിന് മുന്നോടിയായി തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇടത്താവളങ്ങളിൽ അടക്കം സൗകര്യങ്ങള്‍ വിപുലപ്പെടുത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ