കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു.

കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. 
കൊല്ലം: കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന വാദവുമായി വിമതര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. ഗണേഷ്‌കുമാര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് വിമതരുടെ ആരോപണം. 114 സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ 88 പേര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് അവകാശപ്പെടുന്ന വിമതര്‍ പുതിയ ചെര്‍പേഴ്‌സണായി ബാലകൃഷ്ണപിള്ളയുടെ മകള്‍ ഉഷ മോഹന്‍ദാസിനെ തിരഞ്ഞെടുത്തു. ഗണേഷ് സ്വയം പ്രഖ്യാപിത അദ്ധ്യക്ഷനാണെന്ന് ഉഷ മോഹന്‍ദാസ് കുറ്റപ്പെടുത്തി.
       അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ മരണത്തിന് ശേഷം പാര്‍ട്ടി അന്യാധീനപ്പെട്ട അവസ്ഥയിൽ ആണെന്നും കൊട്ടാരക്കര പോലും നാഥനില്ലാ കളരിയായി മാറിയെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധമാണ് തന്നെ ഈ സ്ഥാനത്ത് എത്തിച്ചതെന്നും അവര്‍ കൊച്ചിയിലെ യോഗത്തിന് ശേഷം പറഞ്ഞു. തങ്ങള്‍ വിമത പക്ഷമല്ലെന്നും ഔദ്യോഗിക പക്ഷമാണെന്നും യോഗം ചേര്‍ന്ന് പുതിയ ചെയര്‍പേഴ്‌സണെ തിരഞ്ഞെടുത്ത ശേഷം ഇവർ അവകാശപ്പെട്ടു.
        കഴിഞ്ഞ കുറച്ചു കാലമായി ഗണേഷ്‌കുമാര്‍ സ്വീകരിച്ചു വരുന്ന ചില നിലപാടുകളാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചതെന്നും ആരോപണമുണ്ട്. 88 അംഗങ്ങള്‍, എട്ട് ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ തങ്ങള്‍ക്കൊപ്പമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ ഗണേഷ് കുമാര്‍ സ്വന്തം നിലയ്ക്ക് തീരുമാനിച്ചുവെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. പുതിയ അദ്ധ്യക്ഷയെ തിരഞ്ഞെടുത്ത കാര്യം എല്‍ഡിഎഫ് നേതൃത്വത്തെ അറിയിക്കാനും തീരുമാനമായി.
       ഇടത് മുന്നണിയുടെ അടുത്ത യോഗത്തില്‍ ആര് പങ്കെടുക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും പുതിയ കമ്മിറ്റി പറയുന്നു. എതിര്‍ ചേരിയില്‍ നില്‍ക്കാതെ സഹകരിക്കുമെങ്കില്‍ ഗണേഷിന് തങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്നും യോഗത്തിന് ശേഷം ഉഷ മോഹന്‍ദാസ് വിഭാഗം അറിയിച്ചു. പാര്‍ട്ടി ഭരണഘടന അനുസരിച്ചല്ല ഗണേഷ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്. ബാലകൃഷ്ണപിള്ളയുടെ മരണത്തിന് ശേഷം പുതിയ ചെയര്‍മാന്റെ താത്കാലിക ചുമതല മാത്രമാണ് ഗണേഷിന് നല്‍കിയിരുന്നതെന്നും പുതിയ നേതൃത്വം വ്യക്തമാക്കി.

Post a Comment

വളരെ പുതിയ വളരെ പഴയ