ശ്രീനാരായണ ദർശനത്തിന്റെ അടിസ്ഥാനതത്ത്വം ആത്മീയത; സ്വാമി സച്ചിദാനന്ദ.

ശ്രീനാരായണ ദർശനത്തിന്റെ അടിസ്ഥാനതത്ത്വം ആത്മീയത; സ്വാമി സച്ചിദാനന്ദ.
ശിവഗിരി : ഗുരുദേവന്റെ തത്ത്വദർശനത്തിന്റെ അടിസ്ഥാന തത്ത്വം ആത്മീയതയാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. 89-ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചു നടന്ന ബ്രഹ്മവിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവൻ സ്ഥാപിച്ച ബ്രഹ്മവിദ്യാലയ മതപഠന പാഠശ്ശാല സർവമത സിദ്ധാന്തങ്ങളെയും പഠിപ്പിച്ച് മനുഷ്യസമൂഹത്തെ ആത്മീയതയിലേക്കു നയിക്കപ്പെടുന്ന വിദ്യാകേന്ദ്രമാണ്. രാജ്യത്ത് ഗുരുദേവൻ നിർവഹിച്ച ഏറ്റവും സമുന്നതമായ സംഭാവനയാണ് ഈ സർവമത പാഠശ്ശാല. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന തത്ത്വമായിരിക്കേണ്ടത് ബ്രഹ്മവിദ്യയാണെന്ന് ഗുരുദേവൻ ഉപദേശിക്കുന്നു. മനുഷ്യർ ബ്രഹ്മവിദ്യയെ ജീവിതത്തിന്റെ അടിസ്ഥാനതത്ത്വമായിക്കണ്ട് ആത്മനിഷ്ഠയോടെ ജീവിതം നയിക്കണം. എങ്കിൽ മാത്രമേ അവർ യഥാർത്ഥ ശ്രീനാരായണീയർ ആവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സ്വാമി അമേയാനന്ദ അദ്ധ്യക്ഷനായിരുന്നു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്വാമി പരാനന്ദ, സ്വാമി ഗുരുപ്രകാശം, വർക്കല നഗരസഭാ ചെയർമാൻ കെ. എം. ലാജി, ബ്രഹ്മചാരികളായ അസംഗ ചൈതന്യ, അമല ചൈതന്യ, അഖണ്ഡ ചൈതന്യ, അമൃത ചൈതന്യ, അനീഷ് എന്നിവർ സംസാരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ