പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം.

പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം.

പരവൂര്‍: ഭര്‍ത്താവും ബന്ധുക്കളും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരവൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ കൈഞരമ്പു മുറിച്ച് യുവതിയുടെ ആത്മഹത്യാശ്രമം.
കല്ലുംകുന്ന് ചരുവിളവീട്ടില്‍ ഷാജഹാന്റെ മകള്‍ ഷംന(22)യാണ് ആത്മഹത്യക്കു ശ്രമിച്ചത്. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെച്ചൊല്ലി ഇന്‍സ്‌പെക്ടറുമായി തര്‍ക്കം ഉണ്ടായശേഷം പുറത്തിറങ്ങിയ ഷംന കൈയില്‍ കരുതിയ ബ്ലേഡുപയോഗിച്ച് ഞരമ്പു മുറിക്കുകയായിരുന്നു. പോലീസ് ഉടന്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
        നവംബര്‍ 14-ന് കോട്ടപ്പുറത്ത് ഭര്‍ത്തൃവീട്ടില്‍ താമസിക്കാനെത്തിയ ഷംനയെയും മകളെയും ഭര്‍ത്താവ് അനൂബും ബന്ധുക്കളായ രണ്ടു സ്ത്രീകളും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരവൂര്‍ പോലീസില്‍ നല്‍കിയ പരാതി. വടിയുപയോഗിച്ച് അടിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും ഓടി ബന്ധുവീട്ടില്‍ കയറിയപ്പോള്‍ മണ്ണെണ്ണ ഒഴിച്ച് തീവെക്കാന്‍ ശ്രമിച്ചെന്നുമാണ് ഷംന ആരോപിക്കുന്നത്. ഭര്‍ത്താവ് വടിയുമായി അടിക്കാനെത്തുന്നത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. 17-ന് മൂന്നാളുടെയും പേരില്‍ പോലീസ് കേസെടുത്തു. എന്നാല്‍, തുടര്‍ നടപടിയുണ്ടായില്ല. പരാതിയുമായി സമീപിച്ചപ്പോള്‍ ചാത്തന്നൂര്‍ എ.സി.പി.യും പരുഷമായി പെരുമാറിയെന്ന് ഷംന പറയുന്നു. പരവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പോലീസ് കമ്മീഷണര്‍, ഡി.ജി.പി., മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട് കുടുംബകോടതിയില്‍ കേസ് നടക്കുന്നുണ്ട്. എന്നാല്‍, പരാതി അന്വേഷിച്ചതായും അറസ്റ്റ് ചെയ്യാനുള്ള തെളിവുകളില്ലെന്നും ഇന്‍സ്‌പെക്ടര്‍ എ. നിസാര്‍ അറിയിച്ചു

Post a Comment

വളരെ പുതിയ വളരെ പഴയ