പച്ചക്കറി വില റെക്കോർഡിൽ; പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ.
കോട്ടയം: വില കുറയാതെ പച്ചക്കറി വിപണി. തക്കാളി വില ചില്ലറ വിപണിയിൽ 120ന് മുകളിലെത്തി. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപ വരെ കൂടി. തമിഴ്നാട്ടിലെയും കർണാടകത്തിലെയും മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു. അതിനാൽ വില ഉടൻ കുറയാൻ സാധ്യതയുമില്ല. സർക്കാർ ഇടപെടലും ഫലം കാണുന്നില്ല.
സപ്ലൈകോയിലെ പലചരക്ക് സാധനങ്ങൾക്കും വില കൂടി. ചെറുപയറിന് 30 രൂപയാണ് കൂടിയത്. കുറുവയരിക്ക് 7 രൂപ കൂടി. അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കൂട്ടിയിട്ടുണ്ട്. സബ്സിഡി ഇല്ലാത്ത ഇനങ്ങൾക്ക് വൻ വിലക്കയറ്റമാണ്. മുളക് 112 രൂപ ആയിരുന്നത് 134 രൂപയായി. ചെറുപയർ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി കൂടി. ചെറുപയർ പരിപ്പ് 105 ൽ നിന്ന് 116 രൂപയായി വർദ്ധിച്ചു. പരിപ്പ് 76 രൂപയിൽ നിന്ന് 82 രൂപയിലെത്തി. മുതിര 44 രൂപയിൽ നിന്ന് 50 രൂപയായി. മല്ലിക്ക് 106 ൽ നിന്ന് 110 രൂപയായി, ഉഴുന്ന് 100 രൂപയിൽ നിന്ന് 104 രൂപയിലെത്തി.
സപ്ലൈകോയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് വില കൂട്ടുന്നത്. നിശ്ചിത അളവിൽ ലഭിക്കുന്ന സബ്സിഡി സാധനങ്ങൾക്ക് പുറമേ വാങ്ങുന്ന സാധനങ്ങൾക്കാണ് കൂടുതൽ തുക ഈടാക്കുന്നത്. കടുക് വില 106 രൂപയിൽ നിന്ന് 110 രൂപയിലേക്കെത്തി. ജീരക വില 196 രൂപയിൽ നിന്ന് 210 രൂപയിലേക്കെത്തി. മട്ട ഉണ്ട അരിയുടെ വില 28 ൽ നിന്ന് 31 ലേക്കും ഉയര്‍ന്നു. പഞ്ചസാര വില 40ലേയ്ക്കെത്തി.
إرسال تعليق