നടന് ജോജു ജോര്‍ജിന്റെ വാഹനം തകർത്ത, ഒരു യൂത്ത് കോൺഗ്രസുകാരൻ കൂടി അറസ്റ്റില്‍.
കൊച്ചി: ഇന്ധനവില വര്‍ദ്ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ രംഗത്തെത്തിയ നടന് ജോജു ജോര്‍ജിന്റെ വാഹനം ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവും തൃക്കാക്കര സ്വദേശിയുമായ ശെരീഫ് ആണ് അറസ്റ്റിലായത്. വൈദ്യ പരിശോധനക്ക് ശേഷം ശെരീഫിനെ കോടതിയില്‍ ഹാജരാക്കും. കേസില്‍ അഞ്ചു പേര്‍ കൂടി പിടിയിലാകാനുണ്ട്.
ചില്ല് തകര്‍ത്ത സംഭവത്തില്‍ രണ്ടാം പ്രതിയും ഐ.എന്‍.ടി.യു.സി. വൈറ്റില ഓട്ടോറിക്ഷ സ്റ്റാന്‍ഡ് കണ്‍വീനറുമായ വൈറ്റില ഡെല്സ്റ്റാര് റോഡ് പേരേപ്പിള്ളി വീട്ടില്‍ ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജോസഫിനെ കൂടാതെ അഞ്ചു പേര്‍ കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍, റിമാന്‍ഡില്‍ കഴിയുന്ന ജോസഫിന്‍റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
ജോജുവിന്‍റെ പരാതിയില്‍ വാഹനം തകര്‍ത്ത സംഭവത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി. വൈ. ഷാജഹാന്, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജര്‍ജസ്, സൗത്ത് മുന്‍ മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
റോഡ് ഉപരോധിച്ചതിനും ജോജുവിന്‍റെ വാഹനം തകര്‍ത്തതിനും രണ്ടു കേസുകളാണ് മരട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്ക് എതിരെയും വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്‍റെ പരാതിയില്‍ ഏഴു പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
അതേസമയം, നടന് മാസ്ക് ഉപയോഗിക്കാതെ നിരത്തിലിറങ്ങിയതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കണമെന്ന ആവശ്യവുമായി സിറ്റി പൊലീസ് കമീഷണറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതിലും നിയമലംഘനം നടത്തിയെന്നും പരാതിയുണ്ട്.
അതേ സമയം, പൊതുമുതൽ നശിപ്പിക്കുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്ത കേസുകളിൽ എന്ത് നടപടിയുണ്ടാകുമെന്നാണ് കേരളം നോക്കുന്നത്. നിയമസഭയിൽ ഉൾപ്പടെ പൊതുമുതൽ നശിപ്പിച്ചവർ, അത് ന്യായീകരിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, പക്ഷമേതായാലും വ്യത്യസ്തമായതൊന്നും സംഭവക്കില്ലെന്നാണ് പൊതുജനം കരുതുന്നത്.
إرسال تعليق