കേരളമടക്കം 13 സംസ്ഥാനങ്ങൾ നികുതി കുറച്ചില്ല; കേന്ദ്രത്തിന് 45,000 കോടി വരുമാന നഷ്ടം.
ന്യൂഡൽഹി: കേരളം അടക്കം 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറും ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, കോണ്‍ഗ്രസ് സഖ്യസര്‍ക്കാരുള്ള മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മൂല്യവര്‍ദ്ധിത നികുതി കുറച്ചിട്ടില്ല. ഡല്‍ഹി, ബംഗാള്‍, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളും നികുതി ഇളവ് നല്‍കിയിട്ടില്ല.
മുഖ്യമന്ത്രി നവീൻ പട്നായിക് പെട്രോളിനും ഡീസലിനും 3 രൂപ വീതം കുറച്ചെങ്കിലും നികുതി ഇളവ് നല്‍കാത്ത സംസ്ഥാനങ്ങളുടെ കേന്ദ്ര സര്‍ക്കാര്‍ പട്ടികയിൽ ഒഡീഷയുമുണ്ട്. പട്ടിക പുറത്തു വന്നതിനു പിന്നാലെ മേഘാലയ നികുതി ഇളവ് പ്രഖ്യാപിച്ചു. ഡീസലിനും പെട്രോളിനും മൂല്യവര്‍ദ്ധിത നികുതി ഏറ്റവുമധികം കുറവു വരുത്തിയത് കേന്ദ്രഭരണ പ്രദേശമായ ലഡാക്കാണ്. എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്രനടപടി രാജ്യത്ത് പണപ്പെരുപ്പം കുറയാനും ഉപഭോഗം കൂട്ടാനും സഹായകമാവുമെന്നാണു നിരീക്ഷണം. ഏതാനും വർഷങ്ങളായി സർക്കാരിന്റെ പ്രധാന വരുമാന മാർഗ്ഗമാണ് ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ. ഇത് കുറച്ചതോടെ നടപ്പു സാമ്പത്തിക വർഷം അവശേഷിക്കുന്ന കാലയളവിൽ സർക്കാരിന് 45,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ഗവേഷണ ഏജൻസിയായ നോമുറയുടെ റിപ്പോർട്ട്.
എന്നാൽ, മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 0.2 ശതമാനം വരുന്ന ഈ തുക ജനങ്ങളുടെ കൈവശം തുടരുന്നത് രാജ്യത്തെ വാങ്ങൽശേഷി കൂട്ടുമെന്നതിനാൽ ഉപഭോഗം ഉയരാൻ സഹായകമാകും.
إرسال تعليق