റോഡ് കുഴിച്ചാല്‍ അടയ്ക്കണമെന്ന് മന്ത്രി റിയാസ്; ചര്‍ച്ച നടത്തുമെന്ന് റോഷി.

റോഡ് കുഴിച്ചാല്‍ അടയ്ക്കണമെന്ന് മന്ത്രി റിയാസ്; ചര്‍ച്ച നടത്തുമെന്ന് റോഷി.
തിരു.: റോഡില്‍ കുഴി കൂടിയതില്‍ ജല അതോറിറ്റിയെ പഴിച്ച് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികള്‍ക്കു വേണ്ടി പൊളിക്കുന്ന റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാത്തതാണ് കുഴി നിറയാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. ജല അതോറിറ്റി പൈപ്പിടാന്‍ വേണ്ടി കുഴിച്ച റോഡ് പലയിടത്തും അതേപടി കിടക്കുന്നുണ്ട്. പല പ്രാവശ്യം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. കുത്തിപ്പൊളിച്ച റോഡുകൾ പഴയ പടിയിലാക്കാൻ കുത്തിപ്പൊളിച്ചവർക്ക് ഉത്തരവാദിത്തമുണ്ട്. കുടിവെള്ളത്തിന്റെ കാര്യത്തിന് റോ‍ഡ് കുത്തിപ്പൊളിക്കുകയാണെങ്കിൽ ജല അതോറിറ്റി അത് പഴയ സ്ഥിതിയാക്കണം. ജല അതോറിറ്റി വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.  കഴിഞ്ഞ ദിവസം കുഴി മൂടാത്തതില്‍ കോടതി വിമര്‍ശിച്ച റോഡുകളില്‍ ഒന്നു മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ പരമാർശം ഗൗരവ കരമാണെന്നും വിഷയത്തിൽ മന്ത്രിയുമായി ചർച്ച നടത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു. കുടിവെള്ള പദ്ധതിയ്ക്കായി കുഴിക്കുന്ന റോഡുകൾ ഉടൻ തന്നെ മൂടുന്നതിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. പ്രവൃത്തി നടത്തി പൈപ്പുകളിട്ട് ടെസ്റ്റ് നടത്താതെ മൂടാനാവില്ലെന്നും അങ്ങനെ ചെയ്താൽ പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തിയാൽ വീണ്ടും പൊളിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 
       നിര്‍ത്താതെ പെയ്യുന്ന മഴയാണ് അറ്റകുറ്റപണിക്ക് തടസ്സമാകുന്നത്. മഴയല്ലാതെ ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് പണി നടക്കാത്തത് ചൂണ്ടിക്കാണിച്ചാല്‍ നടപടിയെടുക്കാന്‍ തയാറാണെന്നും മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റോഡിന്റെ നിര്‍മ്മാണം നടത്തിയ കരാറുകാരെ കൊണ്ടു തന്നെ കുഴിയടപ്പിക്കുന്നതിനുള്ള നടപടികള്‍ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും കരാറുകാരന്റ ഊഴം കഴിഞ്ഞാലും കുഴിയടയ്ക്കാന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. 

Post a Comment

വളരെ പുതിയ വളരെ പഴയ