ശബരിമലയിൽ സൗകര്യം ഒരുക്കുന്നതിൽ അനാസ്ഥ കാട്ടിയെന്ന് കുമ്മനം.

ശബരിമല: സൗകര്യമൊരുക്കുന്നതിൽ അനാസ്ഥ കാട്ടിയെന്ന് കുമ്മനം.
പമ്പ: ശബരിമല തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും കുറ്റകരമായ അനാസ്ഥ കാട്ടിയതായി മിസ്സോറം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു. അയ്യപ്പന്മാർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നേരിട്ട് മനസ്സിലാക്കാൻ ബിജെപി സംഘത്തോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം. നിലയ്ക്കലിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ഭക്ഷണം കിട്ടാതെ അയ്യപ്പന്മാർ വലയുന്നു.
ശുചിമുറികൾ ലേലത്തിൽ പോയില്ല എന്ന കാരണത്താൽ അടച്ചിട്ടിരിക്കുന്നു. ഹോട്ടലുകൾ ലേലത്തിൽ പോയില്ലെങ്കിൽ പകരം സംവിധാനം ഒരുക്കാൻ തയാറാകണം. ഭക്തരെ പട്ടിണിയ്ക്ക് ഇടുന്ന നിലപാട് ശരിയല്ല. കോടികൾ ചെലവഴിച്ചു നിർമ്മിച്ച ശുചിമുറികൾ വൃത്തിയാക്കാൻ പോലും തയാറാകുന്നില്ല. നടപ്പന്തൽ പൊലീസ് കയ്യേറിയതിനാൽ ഭക്തർക്ക് വിരിവയ്ക്കാൻ സ്ഥലമില്ല. മഴ പെയ്താൽ നനയാതെ നിൽക്കാൻ പോലും കഴിയുന്നില്ല. വെർച്വൽ ക്യു സംവിധാനത്തിലെ അപാകത മൂലവും ഭക്തർ ബുദ്ധിമുട്ടുന്നു. കൗണ്ടറുകളുടെ എണ്ണം പരിമിതമാണ്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തടയാൻ സർക്കാരിനും ദേവസ്വം ബോർഡിനും അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ്‌ വി. എ. സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്‌ നേതാക്കളായ അജിത് പുല്ലാട്, ഷൈൻ ജി. കുറുപ്പ്, ഗോപാലകൃഷ്ണൻ കർത്താ, മഞ്ജു പ്രമോദ്, സുജൻ അട്ടത്തോട്, മനീഷ് പെരുനാട്, അരുൺ, അനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

أحدث أقدم