സഹകരണ മേഖലയിലെ പ്രതിസന്ധിയ്ക്കു കാരണം സര്‍ക്കാരിന്‍റെ അനാസ്ഥ; ജി. ദേവരാജന്‍.

സഹകരണ മേഖലയിലെ പ്രതിസന്ധിയ്ക്കു കാരണം സര്‍ക്കാരിന്‍റെ അനാസ്ഥ; ജി. ദേവരാജന്‍.
കൊല്ലം: സംസ്ഥാനത്തെ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്കു കാരണം സര്‍ക്കാരിന്‍റെ അനാസ്ഥയും സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളും ആണെന്ന്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. 
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 12,000ല്‍പ്പരം സഹകരണ സൊസൈറ്റികളും പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ പുതിയ ഉത്തരവ് പ്രകാരം കടുത്ത ആശങ്കയിലാണ്.          
         സഹകരണമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി വയ്ക്കാവുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നു പ്രാബല്യത്തില്‍ വന്നിട്ടും അതിനെതിരേ കേന്ദ്ര സര്‍ക്കാരിനെയോ റിസര്‍വ്വ് ബാങ്കിനെയോ സമീപിച്ച് ശക്തമായ ഭാഷയില്‍ എതിര്‍പ്പുയര്‍ത്തുവാന്‍ സംസ്ഥാന സര്‍ക്കാന് കഴിഞ്ഞില്ല. നഷ്ടത്തിലായിരുന്ന സംസ്ഥാന സഹകരണ ബാങ്കില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിക്കാനും അതുവഴി സഹകരണ മേഖലയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ കേരളാ സിപിഎം ശ്രമിച്ചതിനാലാണ് നിയമഭേദഗതിയേയും റിസര്‍വ് ബാങ്കിന്‍റെ തിട്ടൂരങ്ങളെയും ഫലപ്രദമായി ചെറുക്കാന്‍ സര്‍ക്കാരിനു കഴിയാതെ പോയത്.
കേരളത്തിന്‍റെ സമസ്ത മേഖലകളിലും സഹകരണ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ട്. സഹകരണ മേഖലയുടെ പ്രയോജനം ലഭിക്കാത്ത മലയാളികളും വിരളമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ നടുവിലും ഗ്രാമ-നഗര വ്യത്യാസം ഇല്ലാതെ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി നിന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്. ഒരു ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും അതിന്‍റെ അഞ്ചിരട്ടിയോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന കേരളത്തിന്‍റെ സഹകരണ മേഖലയാണ് ഇന്ത്യയുടെ സഹകരണ മേഖല കൈകാര്യം ചെയ്യുന്ന നിക്ഷേപത്തിന്റെ 63 ശതമാനവും സംഭാവന ചെയ്യുന്നത്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ മുതല്‍ ഭരണഘടനയുടെ 97-ആം ഭേദഗതി വരെയുള്ള പരിഷ്ക്കാരങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കുമെന്നറിഞ്ഞിട്ടും സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്ന് അറിഞ്ഞിട്ടും സ്വാര്‍ത്ഥ താത്പര്യം മൂലം നിശ്ശബ്ദത പുലര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ സഹകരണ മേഖലയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന് സഹായകരമായ നിലപാടാണ് സ്വീകരിച്ചതെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.

Post a Comment

വളരെ പുതിയ വളരെ പഴയ