സമീപവാസിയുടെ അടിയേറ്റ് വിദ്യാർഥിയുടെ കണ്ണിനു ഗുരുതര പരുക്ക്
തൃക്കുന്നപ്പുഴ ∙ സമീപവാസിയുടെ ആക്രമണത്തിൽ 10ാം ക്ലാസ് വിദ്യാർത്ഥിയുടെ കണ്ണിനു ഗുരുതര പരുക്കേറ്റു. തൃക്കുന്നപ്പുഴ പല്ലന കൊട്ടയ്ക്കാട്ട് അനിൽകുമാറിന്റെ മകൻ അരുൺകുമാറിന്റെ (15) ഇടതു കണ്ണിനാണു പരുക്കേറ്റത്. സംഭവത്തിൽ പല്ലന മുണ്ടംപറമ്പിൽ കോളനിയിൽ ശാർങ്ഗധരനെതിരെ (55) തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.
കുട്ടികൾ സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ കളിക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ശാർങ്ഗധരൻ, അരുൺകുമാറിനെ അസഭ്യം പറയുകയും വടികൊണ്ട് അടിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രണ്ടരയോടെയായിരുന്നു സംഭവം. അരുൺ കുതറിമാറാൻ ശ്രമിക്കുന്നതിനിടെ കണ്ണിലും കവിളിലും അടിയേറ്റു. പുറത്തും അടിയേറ്റ പാടുകളുണ്ട്. കാഴ്ചയ്ക്ക് മങ്ങലുണ്ടായതോടെ അരുണിന്റെ രക്ഷിതാക്കൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രഥമശുശ്രൂഷ നൽകിയെങ്കിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകാൻ അവിടെ നിന്നു നിർദ്ദേശിച്ചു.
മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയ അരുണിന് വേദന അസഹ്യമായതോടെ വീണ്ടും താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇന്നലെ അവിടെ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ അരുൺ വീട്ടിലേക്കു മടങ്ങിയെങ്കിലും തുടർചികിത്സ വേണ്ടിവരുമെന്നു ഡോക്ടർമാർ അറിയിച്ചതായി രക്ഷിതാക്കൾ പറഞ്ഞു. പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് അരുൺകുമാർ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ