സ്വർണ്ണമാല മോഷ്ടിച്ച കേസിൽ നാല് സ്ത്രീകൾ അറസ്റ്റിൽ.
അമ്പലപ്പുഴ : പുറക്കാട് പുന്തല ഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാലയിൽ പങ്കെടുത്ത ഭക്തരുടെ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ 4 തമിഴ് നാടോടികളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മധുര തിരുമംഗലം സ്വദേശികളായ സാദന (44), കട്ടമ്മ (30), പ്രിയ(40), മധു (37) എന്നിവരെയാണ് സിഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പുറക്കാട് കൈപ്പള്ളിയിൽ ശോഭനയുടെ മൂന്നേകാൽ പവൻ മാലയും പുറക്കാട് പുത്തൻപറമ്പ് അനീഷിന്റെയും സീനയുടെയും മകൻ ആയുഷിന്റെ ഒരു പവൻ മാലയുമാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം.
പൊങ്കാലയിൽ പങ്കെടുത്ത ഭക്തരോടൊപ്പം തമിഴ് നാടോടികൾ കേരളീയ വേഷം ധരിച്ച് സജീവമായിരുന്നു. ഭക്തരുടെ വിളക്കുകളും പൂജാ സാധനങ്ങളും സുരക്ഷിതമായി വയ്ക്കാനും സഹായിച്ചു. ഇതിനിടെയാണ് മോഷണം നടന്നത്. മോഷണത്തിനു ശേഷം കടന്ന നാടോടികളെ ഗ്രാമ പഞ്ചായത്ത് അംഗം ജി. സുഭാഷ്, ക്ഷേത്രം ഭാരവാഹികൾ എന്നിവർ ചേർന്നാണ് പിടികൂടി പൊലീസിനു കൈമാറിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
إرسال تعليق