ഒമിക്രോൺ വന്നാൽ കേരളം താങ്ങില്ല, കർശന പ്രോട്ടോക്കോൾ തുടരാൻ തീരുമാനം.

ഒമിക്രോൺ വന്നാൽ കേരളം താങ്ങില്ല, കർശന പ്രോട്ടോക്കോൾ തുടരാൻ തീരുമാനം.
തിരു.: കൊവിഡ് 19 വൈറസിന്‍റെ ഒമിക്രോൺ വകഭേദത്തിന്‍റെ ഭീഷണി ശക്തമായതോടെ കൂടുതൽ വിദഗ്ദ ചർച്ചകളിലേക്ക് കടന്ന് സംസ്ഥാന ആരോഗ്യവകുപ്പും വിദഗ്ദ സമിതിയും. ജനിതക ശാസ്ത്ര വിദഗ്ദരുമായി നാളെ സംസ്ഥാന കൊവി‍ഡ് വിദഗ്ദ സമിതി ചർച്ച നടത്തും. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ വരുന്നതു വരെ കർശന കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാനാണ് കേരളത്തിന്‍റെ തീരുമാനം.
     50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽ കഴിഞ്ഞയാഴ്ച മാത്രം കേസുകളുടെ വളർച്ച. ഒമിക്രോൺ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും പെട്ടെന്ന് കൂടുകയാണ്. കേരളത്തിലാകട്ടെ നിലവിൽ കൊവി‍ഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞു വരുന്ന സ്ഥിതിയിലാണ്. വ്യാപനശേഷി കൂടിയ ഒമൈക്രോൺ വകഭേദം എത്താനിടയായാൽ കേസുകൾ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ പ്രശ്നം തന്നെയാണ് നിലവിൽ. 
     ഇക്കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ദ സമിതി ജിനോമിക് വിദഗ്ദരുമായി ചർച്ച നടത്തുന്നത്. അതുവരെ മാസ്ക് അടക്കം കർശന കോവിഡ് പ്രോട്ടോക്കോൾ തുടരാനും, ഊർജ്ജിത വാക്സിനേഷൻ, എയർപോർട്ടുകളിലെ കർശന നിരീക്ഷണം, ക്വാറന്‍റീൻ എന്നിവയ്ക്ക് ഊന്നൽ നൽകാനുമാണ് സംസ്ഥാനസർക്കാരിന്‍റെ തീരുമാനം. 
        സംസ്ഥാനത്തെ വൈറസിന്‍റെ ജനിതക ശ്രേണീകരണവും ശക്തമാക്കും.  ഒമൈക്രോൺ സൃഷ്ടിക്കാവുന്ന വെല്ലുവിളികൾ കാത്തിരുന്ന ശേഷം മാത്രമേ വിലയിരുത്താനാവൂ എന്ന നിലപാടിലാണ് വിദഗ്ദരെല്ലാം. 
       അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കാൻ പോകുന്ന നിലപാടും കേരളത്തെ സംബന്ധിച്ച് പ്രധാനമാണ്. നിലവിൽ മുൻകരുതലെന്ന നിലയിൽ  കേന്ദ്ര പ്രോട്ടോക്കോൾ പിന്തുടരുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 

ഒമിക്രോണിന് പ്രത്യേക ലക്ഷണങ്ങളുണ്ടോ ?

ഒമിക്രോൺ വൈറസ് ബാധിച്ച രോഗികളിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകുന്നതെന്ന് വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആഞ്ജലിക് കൊറ്റസീ തന്നെ പറയുന്നു. നല്ല ക്ഷീണവും ചെറിയ പേശീ വേദനയും രോഗികളിൽ ഉണ്ട്. സാധാരണ കൊവിഡിനെക്കാൾ കൂടിയ അപായസാധ്യതയൊന്നും ഇപ്പോൾ പ്രകടമല്ലെന്നും ആഞ്ജലിക് കൊറ്റസീ പറഞ്ഞു. 
     ആഗോള പ്രതിസന്ധി ചർച്ച ചെയ്യാൻ ജി ഏഴ് രാജ്യങ്ങൾ അടിയന്തിര യോഗം ചേരും. രോഗ ഭീതിയിൽ ജപ്പാൻ അതിർത്തികൾ അടച്ചു. അതിനിടെ ചൈനയിൽ പലയിടത്തും വീണ്ടും കൊവിഡ് ഭീഷണി ഉയർത്തുകയാണ്. വടക്കൻ ചൈനയിലെ രണ്ടു പട്ടണങ്ങൾ അടച്ചു. ഒമിക്രോൺ എത്രത്തോളം ഭീഷണിയെന്നറിയണമെങ്കിൽ മൂന്നു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം. എത്രത്തോളം പകർച്ചശേഷിയുണ്ട് ? വാക്സീനുകളെ തോൽപ്പിക്കാൻ ശേഷിയുണ്ടോ ? ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാൻ ഒമിക്രോൺ കാരണമാകുമോ ? ഈ ചോദ്യങ്ങൾക്ക് രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ കൃത്യമായ ഉത്തരം കിട്ടൂ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

Post a Comment

വളരെ പുതിയ വളരെ പഴയ