കോവിഡ്: ദുരിതാശ്വാസനിധിയിൽ എത്തിയത് 830 കോടി; ഏറെയും ചെലവിട്ടത് ഭക്ഷ്യക്കിറ്റ് വിതരണത്തിന്.
കോഴിക്കോട്: വാക്സിൻ ചലഞ്ചു വഴി സമാഹരിച്ചതുൾപ്പെടെ കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണത്തിൽ കൂടുതലും ചെലവഴിച്ചത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനെന്ന് വിവരാവകാശ രേഖ. 2020 മാർച്ച് 27 മുതൽ 2021 സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം 830.35 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു. ജീവനക്കാരുടെ മാറ്റി വെച്ച ശമ്പളയിനത്തിൽ ഈ വർഷം ഏപ്രിൽ 21 മുതൽ സെപ്റ്റംബർ 30 വരെ സമാഹരിച്ച 75.96 കോടി രൂപയും ഇതിൽ ഉൾപ്പെടും.
കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ സർക്കാർ നടപ്പാക്കിയ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണപദ്ധതിക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 450 കോടി രൂപയാണ് ചെലവിട്ടത്. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാൻ എന്ന പേരിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്സിൻ ചലഞ്ചിലൂടെ ലഭിച്ച തുകയുടെ കണക്ക് പ്രത്യേകം സൂക്ഷിച്ചിട്ടില്ലെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി.
സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കോവിഡ് വാക്സിൻ വാങ്ങാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് 63 കോടി രൂപ അനുവദിച്ചതായും വിവരാവകാശരേഖയിൽ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസ നടപടികൾക്കായി സംസ്ഥാനസർക്കാർ 941.07 കോടി രൂപ ചെലവിട്ടിട്ടുണ്ട്.
വാക്സിൻ ചലഞ്ച്
18-44 പ്രായപരിധിയിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാനാകില്ലെന്ന കേന്ദ്രസർക്കാരിന്റെ നയത്തെത്തുടർന്നാണ് കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഇതിനുള്ള പണം സമാഹരിക്കാനാണ് വാക്സിൻ ചലഞ്ച് പ്രഖ്യാപിച്ചത്. വ്യക്തികളും സഹകരണ, സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ഇതിലേക്ക് കൈയയച്ച് സംഭാവന നൽകി. എന്നാൽ, കേന്ദ്രസർക്കാർ പിന്നീട് നയം തിരുത്തുകയും എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വാക്സിൻ ചലഞ്ചിലൂടെ സമാഹരിച്ച തുക മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ അവസരമുണ്ടായത്. സംസ്ഥാന സർക്കാരിന് മികച്ച പ്രതിച്ഛായ നേടിക്കൊടുക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സഹായിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഇതിന്റെ ഗുണം ലഭിച്ചതായും വിലയിരുത്തലുണ്ടായി. വാക്സിൻ വാങ്ങാൻ മെഡിക്കൽ സർവീസ് കോർപ്പറേഷന് പണം അനുവദിച്ചത് സ്വകാര്യ ആശുപത്രികൾക്കു വേണ്ടിയാണെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികൾ പണം വാങ്ങിയാണ് വാക്സിൻ നൽകുന്നതെന്നതിനാൽ ഈ തുക സർക്കാരിനു തന്നെ തിരിച്ചു കിട്ടും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ