ഇന്ധനം തീർന്ന ലോറി പാലത്തിൽ ഉപേക്ഷിച്ചു ഡ്രൈവർ മുങ്ങി; 5 മണിക്കൂർ ദേശീയപാത സ്തംഭിച്ചു.
ചവറ: ഇന്ധനം തീർന്ന ലോറി നീണ്ടകരപ്പാലത്തിൽ ഉപേക്ഷിച്ചു ഡ്രൈവർ കടന്നതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടത് 5 മണിക്കൂർ. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകൾ ഉൾപ്പെടെ തടസ്സപ്പെട്ടു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രോഗികൾ, സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ വലഞ്ഞു. ആലുവയിൽ നിന്ന് അരി കയറ്റി കൊല്ലം ഭാഗത്തേക്ക് വന്ന ലോറിയാണ് ഇന്നലെ രാവിലെ എട്ടരയോടെ ഇന്ധനം തീർന്നു പാലത്തിനു നടുവിൽപ്പെട്ടത്.
യാത്രക്കാരുടെ പ്രതിഷേധം ഭയന്നു ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സ്ഥലത്ത് നിന്നു മുങ്ങിയതാണെന്നു പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ കൺട്രോൾ റൂം പൊലീസ് ലോറി ഡ്രൈവറെ കാണാത്തതിനെത്തുടർന്നു വാഹനത്തിന് എന്താണ് സംഭവിച്ചതെന്നറിയാത കുഴങ്ങി. ഇതിനിടയിൽ ഇരുഭാഗത്തു നിന്നും എത്തിയ വാഹനങ്ങൾ തിക്കിത്തിരക്കി കടന്നുപോകാനുള്ള ശ്രമത്തിൽ നീണ്ടകരപ്പാലം പൂർണ്ണമായും ഗതാഗതക്കുരുക്കിലായി. ദേശീയ പാതയിൽ കൊല്ലം ഭാഗത്ത് കാവനാട് ബൈപാസ് വരെയും കരുനാഗപ്പള്ളി ഭാഗത്ത് ശങ്കരമംഗലം വരെയും വാഹനങ്ങൾ നിരന്നു. തിക്കിത്തിരക്കി വാഹനങ്ങൾ മറികടക്കുന്നത് ഇരുചക്രവാഹനത്തിൽ പൊലീസ് പട്രോളിങ് സംഘത്തെ നിയോഗിച്ചാണ് ഒഴിവാക്കിയത്. ദേശീയപാതയിലേക്ക് കടക്കാനാകാതെ ഇടറോഡുകളിലും വാഹനങ്ങൾ ഗതാഗതക്കുരുക്കിലായി. ക്രെയിനുപയോഗിച്ച് 11 മണിയോടെ പാലത്തിൽ നിന്നും മാറ്റിയ ലോറി പിന്നീട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സ്റ്റേഷനിൽ ഹാജരായ ഡ്രൈവർ കരുനാഗപ്പള്ളി തഴവ കുതിരപ്പന്തി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കെതിരെ ഗതാഗത തടസ്സം സൃഷ്ടിച്ചതിനു കേസെടുത്തു. കരുനാഗപ്പള്ളി, കൊല്ലം എസിപിമാരായ ഷൈനു തോമസ്, ജി. ഡി. വിജയകുമാർ, പൊലീസ് ഇൻസ്പെക്ടർമാരായ എ. നിസാമുദ്ദീൻ, യു. ബിജു, എസ്ഐമാർ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിൽ പൊലീസിനെ നിയോഗിച്ചാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. പ്രദേശവാസികളായ യുവാക്കളും പൊലീസിനെ സഹായിക്കാൻ ഒപ്പം കൂടി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
ഇനിയും വൈകരുത് സമാന്തര പാലങ്ങൾ
ചവറ, നീണ്ടകര പാലങ്ങളിൽ ഉണ്ടാകുന്ന വാഹനങ്ങളുടെ തകരാറും അപകടങ്ങളും ദേശീയപാതയിലെ യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കുള്ള വാഹനഗതാഗതം മണിക്കൂറോളം തടസ്സപ്പെടുന്നു. കൃത്യമായ ഒരു ബദൽ മാർഗം ഒരുക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വാഹനങ്ങൾ വഴി തിരിച്ചു വിട്ടാൽ കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വരുന്നതുവഴി വൻ സമയ നഷ്ടമാണ് ഉണ്ടാകുന്നത്. നീണ്ടകരപ്പാലത്തിൽ വാഹനങ്ങൾ കുടുങ്ങിയാൽ ടൈറ്റാനിയം–ഭരണിക്കാവ്–കുണ്ടറ വഴി വേണം കൊല്ലത്ത് എത്തിച്ചേരാൻ. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴി പോകേണ്ടി വരുന്നു. രണ്ടു പാലങ്ങൾക്കും സമാന്തര പാലം വേണമെന്നത് യാത്രക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. എന്നാൽ എൻഎച്ച് വികസനത്തിന്റെ പേരിൽ നടപടി വൈകുകയാണ്. തടസ്സം ഉണ്ടായാൽ ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. പിഎസ്‌സി പരീക്ഷ ഉണ്ടായിരുന്ന ശനി വൈകിട്ട് 5നു ഓട്ടോ പാലത്തിൽ തകരാറായതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് രാത്രി ഏഴര വരെ നീണ്ടു. പാലങ്ങളിൽ ഉണ്ടാകുന്ന ഗതാഗത തടസ്സം ശക്തികുളങ്ങര–ചവറ പൊലീസിനെയാണ് വലയ്ക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ