നിർത്തിയിട്ട ലോറിക്കു പിന്നിൽ ബസ് ഇടിച്ചു: 19 പേർക്ക് പരിക്ക്.
പിറവം: നടക്കാവ് റോഡിൽ പാഴൂർ മുല്ലൂർപടിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ സ്വകാര്യബസ് ഇടിച്ചു വിദ്യാർത്ഥികളടക്കം ബസ് യാത്രക്കാരായ 19 പേർക്കു പരിക്ക്. എറണാകുളത്തു നിന്നു പിറവത്തേക്കു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതേകാലോടെയായിരുന്നു അപകടം. എതിർദിശയിൽ നിന്നു വരികയായിരുന്ന കാറുമായി കൂട്ടിയിടി ഒഴിവാക്കുന്നതിനായി വെട്ടിച്ചു മാറ്റുന്നതിനിടെ ബസ് ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണു വിവരം. അപകടസമയത്തു മഴ പെയ്തിരുന്നു. മുന്നോട്ടു നീങ്ങിയ ലോറി റോഡരികിലെ ഇലക്ട്രിക് പോസ്റ്റു തകർത്തു. റോഡിൽ ഉണ്ടായിരുന്ന കാറിന്റെ പിൻഭാഗവും തകർന്നു. തൊട്ടു പിന്നിലുള്ള സ്റ്റോപ്പിൽ നിന്നു യാത്രക്കാരെ കയറ്റി പുറപ്പെട്ടതിനു പിന്നാലെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചു വീണും സീറ്റിൽ ഇടിച്ചുമാണു യാത്രക്കാർക്കു പരുക്കേറ്റത്. പാഴൂർ സ്വദേശിനി ജയയുടെ (57) കാലിനു ഒടിവുണ്ട്. പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലരെ വിദഗ്ധ ചികിത്സക്കായി മറ്റു ആശുപത്രിയിലേക്കു കൊണ്ടുപോയി. എലിസബത്ത്(17) മുളന്തുരുത്തി, ഡാലിയ(17) മുളന്തുരുത്തി, ഗോപിക(16) കാരിക്കോട്, സ്വാതി(17) ചോറ്റാനിക്കര, ആതിര(31) ചോറ്റാനിക്കര, ജോബിൻ(31) കുന്നുകര, ബിനീഷ്(20) മുളന്തുരുത്തി, സെലിൻ(49) മുളന്തുരുത്തി, പ്രഭാത്(26) മണീട്, എൽദോ(15) എടയ്ക്കാട്ടുവയൽ, ശ്രേയ(15) കൈപ്പട്ടൂർ, പ്രീതി(26) ആരക്കുന്നം, നയന(16) പേപ്പതി, സെനി(39) മുളക്കുളം, മകൻ ആദർശ്(7), ആദിത്യൻ(17) കാഞ്ഞിരമറ്റം,അതുൽകൃഷ്ണ 17) മുളന്തുരുത്തി, മണിയൻ(23) മാമല കവല എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ