രണ്ടാം ഡോസ് വാക്സിൻ എടുക്കാതെ 14 ലക്ഷം പേർ; 22,357 പേർക്കു വിസമ്മതം.

രണ്ടാം ഡോസ് വാക്സിൻ  എടുക്കാതെ 14 ലക്ഷം പേർ; 22,357 പേർക്കു വിസമ്മതം.
തിരു.: സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് കോവിഡ് വാക്സീൻ എടുക്കാതെ സംസ്ഥാനത്തു 14.18 ലക്ഷം പേരുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. ഇതിൽ 3.02 ലക്ഷം പേർ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് രണ്ടാം ഡോസ് എടുക്കാൻ വൈകുന്നത്. 78,867 പേർ ഒന്നാം ഡോസിനു ശേഷം വിദേശത്തേക്കു പോയി. 22,357 പേർ രണ്ടാം ഡോസിനു വിസമ്മതം പ്രകടിപ്പിച്ചു. 6.91 ലക്ഷം പേർക്കു വാക്സീൻ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാം ഡോസ് വിതരണത്തിനു പ്രാമുഖ്യം നൽകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.
        വാക്സീൻ രണ്ടാം ഡോസ് എടുക്കാൻ വൈകുന്നവരിൽ 10.7 ലക്ഷം പേർ കോവിഷീൽഡും 3.47 ലക്ഷം പേർ കോവാക്സിനും എടുത്തവരാണ്. ആദ്യ ഡോസ് കോവാക്സിൻ എടുത്തശേഷം 12,889 പേർ രണ്ടാം ഡോസായി വേറെ വാക്സീൻ എടുത്തു.

മറ്റു കാരണങ്ങളാൽ രണ്ടാം ഡോസ് വാക്സീൻ എടുക്കാത്തവർ: -

∙ കോവിഡ് പോസിറ്റീവ് എന്നു സംശയിക്കുന്നവർ: 16,438
∙ ആദ്യ ഡോസിനു ശേഷം അലർജി ബാധിച്ചവർ: 14,030
∙ ആദ്യ ഡോസിനു ശേഷം മരിച്ചു പോയവർ: 5266
∙ മറ്റു രോഗങ്ങൾ മൂലം ചികിത്സയിലുള്ളവർ: 3847
∙ രണ്ടു ഫോൺ നമ്പർ ഉൾപ്പെടെയുള്ള കാരണങ്ങളാൽ പേര് ഇരട്ടിച്ചവർ: 2.7 ലക്ഷം
        അതേസമയം, മതപരമായ കാരണങ്ങളാൽ ഉൾപ്പടെ വാക്സിൻ സ്വീകരിക്കാത്തവർ ഉണ്ടെന്നും അവരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെന്നും സോഷ്യൽ മീഡിയായിൽ അടക്കം ആക്ഷേപമുയരുന്നുണ്ട്.
     രണ്ട് ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ സാഹചര്യമുണ്ടായത്, സിസ്റ്റത്തിൻ്റെ പോരായ്മയായാണ് ചൂണ്ടിക്കാട്ടുന്നത്. ആധാർ നമ്പർ നിർബന്ധമായും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടിയിരുന്നിട്ടും, ഇരട്ടിപ്പ് ഉണ്ടായത് ഗൗരവതരമായ പോരായ്മയാണ്.

ആദ്യ ഡോസ്: 7 ജില്ലകൾ പിന്നിൽ
     കേരളത്തിൽ ആദ്യ ഡോസ് പൂർത്തീകരണം വൈകുന്നത് പ്രധാനമായും 7 ജില്ലകളിൽ. കോട്ടയമാണ് ഏറ്റവും പിന്നിൽ– 89%. ആലപ്പുഴ (90%), തൃശൂർ (91%), കാസർകോട് (93%), കൊല്ലം, പാലക്കാട് (94% വീതം), കോഴിക്കോട് (95%) ജില്ലകളും സംസ്ഥാന ശരാശരിയെക്കാൾ (96%) പിന്നിലാണ്. പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ 100 % ആയി. 18 വയസ്സിനു മുകളിലുള്ള 2.66 കോടി പേർക്കാണു വാക്സീൻ നൽകേണ്ടത്. ഇതുവരെ ആദ്യ ഡോസ് സ്വീകരിച്ചവർ 2.56 കോടിയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ