ശബരിമല വെർച്വൽ ക്യൂ; വിശ്വാസത്തെക്കാളും വലുതാണ് ശ്വാസമെന്ന് ദേവസ്വം മന്ത്രി.
ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് ജനസംരക്ഷണത്തിന് വേണ്ടിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ശബരിമല വെർച്വൽ ക്യു ആരുടേയും വ്യക്തിപരമായ കാര്യങ്ങൾ ചോർത്താനല്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് വെർച്വൽ ക്യു സംവിധാനം ഏർപ്പെടുത്തിയത്. കൊവിഡ് കുറയുന്നത് അനുസരിച്ച് വെർച്വൽ ക്യു ഒഴിവാക്കുന്നത് ആലോചിക്കും. എല്ലാ വിശ്വാസത്തെക്കാളും വലുതാണ് ശ്വാസമെന്നും ദേവസ്വം വകുപ്പ് മന്ത്രി പറഞ്ഞു.
കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. മണ്ഡല-മകര വിളക്ക് തീർത്ഥാടനം ആരംഭിക്കാനിരിക്കെ, ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പോലും കഴിയാത്ത പ്രതിസന്ധിയാണ് ബോർഡ് നേരിടുന്നത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സാമ്പത്തിക സഹായം ആവശ്യപെട്ട് ബോർഡ് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിനോട് 100 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം സർക്കാർ ഗൗരവപൂർവം പരിശോധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാന്റിൽ നിന്ന് 100 കോടിയും, 10 കോടി ആന്വൽറ്റിയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വം ബോർഡ് സർക്കാറിന് കത്ത് നൽകിയിരിക്കുന്നത്. ശബരിമല ഈ മാസം തുറക്കാനിരിക്കെ, മുന്നൊരുക്കങ്ങൾക്ക് പണമില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ 2021 ഫെബ്രുവരി മുതൽ വിരമിച്ചവർക്ക് അനൂകുല്യങ്ങൾ നൽകിയിട്ടില്ലെന്നും ദേവസ്വം ബോർഡ് സർക്കാറിനെ അറിയിച്ചു. ജീവനക്കാർക്ക് അടുത്ത മാസങ്ങളിൽ ശമ്പളം നൽകാൻ പണമില്ലാത്ത അവസ്ഥയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ ദേവസ്വം മന്ത്രി നിയമസഭയിൽ അറിയിച്ചിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ