തോരാമഴയിൽ വെള്ളപ്പൊക്കം, കൃഷിനാശം.
വീയപുരം: തുടർച്ചയായി പെയ്യുന്ന മഴയും കിഴക്കൻവെള്ളത്തിന്റെ വരവും കൂടിയതോടെ അപ്പർ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ചെറുതന, വീയപുരം, പള്ളിപ്പാട് മേഖലകളിലായി നൂറിലധികം വീടുകളിൽ വെള്ളം കയറി. കാഞ്ഞിരംതുരുത്തിൽ നിരവധി വീടുകളിലും വെള്ളം കയറി. പള്ളിപ്പാട് നാലുകെട്ടുംകവല, ഇരുപത്തെട്ടിൽ കടവ്, തളിക്കൽ ക്ഷേത്രത്തിനു കിഴക്കു പ്രദേശങ്ങളും വെള്ളത്തിലാണ്.
വെള്ളത്തിന്റെ വരവു കൂടുകയാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടറോഡുകളും വെള്ളത്തിലാണ്. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നു പ്രയാറ്റേരിക്കുള്ള റോഡ് മുങ്ങി. പോച്ച-കാഞ്ഞിരം തുരുത്ത് റോഡിൽ വെള്ളം ഉയർന്നതു ഗതാഗതം ബുദ്ധിമുട്ടിലാക്കി. വീയപുരത്തെ പ്രയാറ്റേരി, പാളയത്തിൽ, മങ്കോട്ടച്ചിറ, തുരുത്തേൽ, മേൽപ്പാടം, പായിപ്പാട് എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ചെറുതനയിലെ പോച്ച, കാഞ്ഞിരംതുരുത്ത്, ആനാരി വടക്ക്, പെരുമാങ്കര പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടത്തും വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ ഇടറോഡുകളെല്ലാം മുങ്ങിയിരിക്കുകയാണ്.
നെല്ലു കൊയ്യാൻ കഴിയുന്നില്ല.
കനത്തമഴയിൽ ഹരിപ്പാട് മേഖലയിൽ 50 ലക്ഷത്തിന്റെ കൃഷിനാശം. ദിവസങ്ങളായി തുടരുന്ന മഴയിൽ ഇരുപതിനായിരത്തിൽ അധികം വാഴകൾ നശിച്ചതായി കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമായി. പച്ചക്കറികൃഷികളും ഇടവിളക്കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്.
പള്ളിപ്പാട്, ചെറുതന, വീയപുരം, കരുവാറ്റ, കുമാരപുരം, ചിങ്ങോലി, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തുകളിലെയും ഹരിപ്പാട് നഗരസഭയിലെയും കൃഷിനാശം 50 ലക്ഷം രൂപയോളം വരുമെന്നു കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
പമ്പ, അച്ചൻകോവിൽ ആറുകൾ കരകവിഞ്ഞൊഴുകുന്നതിനാൽ വരും ദിവസങ്ങളിൽ നഷ്ടം കൂടുമെന്നും അധികൃതർ അറിയിച്ചു. തേവേരി തണ്ടപ്രപാടത്ത് 400 ഏക്കറിലെ നെല്ലു കൊയ്യാൻ കഴിയാത്ത സ്ഥിതിയാണ്. വെള്ളിയാഴ്ച കൊയ്ത്ത് നിശ്ചയിച്ച് 16 കൊയ്ത്ത് യന്ത്രങ്ങളും ഏർപ്പാടാക്കിയിരുന്നു. എന്നാൽ, തുടർച്ചയായ മഴയെത്തുടർന്ന് വെള്ളം നിറഞ്ഞതിനാൽ യന്ത്രങ്ങളിറക്കാൻ കഴിയുന്നില്ല. ഹരിപ്പാട് മേഖലയിൽ രണ്ടാം കൃഷിയുള്ള ഏകപാടമാണിത്. മുമ്പ് മൂന്നു മോട്ടോറുകൾ ദിവസങ്ങളോളം തുടർച്ചയായി പ്രവർത്തിപ്പിച്ചാണു വെള്ളം ഒഴിവാക്കിയത്. നിലവിലെ സാഹചര്യത്തിൽ കൊയ്ത്ത് എന്നു തുടങ്ങാൻ കഴിയുമെന്ന ആശങ്കയിലാണു കർഷകർ.
പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ നാലുകെട്ടും കവല, കുരീക്കാട് പ്രദേശങ്ങളിൽ നൂറുകണക്കിനു വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഹരിപ്പാട് വെട്ടുവേനി പിത്തമ്പിൽ ക്ഷേത്രം ജങ്ഷനിൽ നിന്നു ദേശീയപാതയിൽ ബെറോഡ ബാങ്ക് ജങ്ഷനിലേക്കുള്ള റോഡിൽ വെള്ളം നിറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ