പെരുമഴ, ഉരുൾപൊട്ടൽ. വിറങ്ങലിച്ച് കേരളം.
കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ഒന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു. കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ടു പേരും കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഏഴ് പേരുമാണ് മരിച്ചത്. കൂട്ടിക്കലില്‍ രണ്ടിടത്തായി നടന്ന ഉരുള്‍പൊട്ടലില്‍ നാല് പേരെ കാണാതായിട്ടുണ്ട്. ഇടുക്കി കൊക്കയാറില്‍ ഉരുള്‍ പൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 8 പേരെ കാണാതായി. ഇവരില്‍ നാല് പേര്‍ കുട്ടികളാണ്. കൊക്കയാര്‍ ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്. മന്ത്രിമാരായ വി. എന്‍. വാസവനും കെ. രാജനും കോട്ടയത്ത് ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത് ഒരു കുടുംബത്തെ ഒന്നാകെ. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാര്‍ട്ടിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ ആറ് പേരാണ് ഉരുള്‍പൊട്ടിലില്‍ മരിച്ചത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്.
ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന്, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിച്ചു.
സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി. വന്‍നാശം സംഭവിച്ചെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. പൊന്‍കുന്നം ഡിവിഷന് കീഴില്‍ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെവി ഫീഡറുകള്‍ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകര്‍ന്നു. മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് വെള്ളത്തിലാണ്. പാലാ ഡിവിഷന്റെ കീഴിലും വലിയ നാശമാണ് ഉണ്ടായത്. ഈരാറ്റുപേട്ട, തീക്കോയി, പൂഞ്ഞാര്‍ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും ഓഫ് ചെയ്തു. മണിമലയില്‍ മാത്രം 60 ട്രാന്‍സ്ഫോര്‍മറുകള്‍ കെഎസ്ഇബി ഓഫാക്കി.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങള്‍ ഇന്നലെ രാത്രി നെടുമ്പാശേരിയിലിറക്കി. എയര്‍ അറേബ്യയുടെ ഷാര്‍ജ- കരിപ്പൂര്‍ വിമാനത്തില്‍ 35 യാത്രക്കാരും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് മംഗലാപുരം വിമാനത്തില്‍ 175 യാത്രക്കാരുമുണ്ടായിരുന്നു. കരിപ്പൂരും മംഗലാപുരത്തും മഴ കനത്തതാണ് വിമാനം തിരിച്ചു വിടാന്‍ കാരണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ