സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയിൽ; മണിമലയാറിലും മീനച്ചിലാറ്റിലും ജല നിരപ്പ് ഉയരുന്നു.
കോട്ടയം: നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയിൽ. പാതാമ്പുഴ തോട് കരകവിഞ്ഞൊഴുകി. മണിമലയാറിലും മീനച്ചിലാറ്റിലും ജല നിരപ്പ് വേഗത്തിൽ ഉയരുകയാണ്. മണിമലയാറ്റിൽ മുണ്ടക്കയത്ത് ജലനിരപ്പ് ജാഗ്രതാ നിലയ്ക്ക് മുകളിൽ എത്തി. മീനച്ചിലാറ്റിൽ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയരുകയാണ്.
എം.സി. റോഡിൽ വെള്ളം കയറി. എരുമേലി മുണ്ടക്കയം റോഡിൽ കോസ് വേയിൽ വെള്ളം കയറിയതിനെത്തുടർന്ന്, യാത്രാ നിരോധനം ഏര്‍പ്പെടുത്തി.
ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍.
ആലപ്പുഴ: ജില്ലയില്‍ നിലവിൽ ഉണ്ടായിരുന്ന യെല്ലോ അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ടായി മാറിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാല്‍ നേരിടുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജലാശയങ്ങളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. കുട്ടികളും മുതിര്‍ന്നവരും വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങുന്നത് ഒഴിവാക്കണം. ശിക്കാര വള്ളങ്ങള്‍ സർവ്വീസ് നടത്തുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . 34 കുടുംബങ്ങളിലെ 111 പേരാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ