മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ഡിഎംകെ, ആവശ്യവുമായി സ്റ്റാലിനെ നേരിട്ട് കാണും.
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ പാർട്ടിയായ ഡിഎംകെയുടെ ഇടുക്കി ജില്ലാ ഘടകം. ആവശ്യം തമിഴ്നാട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്നും കൂടിക്കാഴ്ചക്ക് അദ്ദേഹം സമയം അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ നേതൃത്വം അറിയിച്ചു. ഡിഎംകെയുടെ ഇടുക്കി ഘടകം ഇതാദ്യമായാണ് മുല്ലപ്പെരിയാർ വിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നത്. ഇരു സംസ്ഥാനങ്ങൾക്കും ദോഷകരമല്ലാത്ത തീരുമാനം മുല്ലപ്പെരിയാർ വിഷയത്തിൽ എടുക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് ഡിഎംകെയുടെ ഇടുക്കി ജില്ലാ സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞു.
തമിഴിനാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന നിലപാടാണ് തങ്ങൾ മുന്നോട്ടു വയ്ക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി നിർദ്ദേശം കണക്കിലെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഇടുക്കി ജില്ലാ നേതൃത്വം അറിയിച്ചു. അതേസമയം, തമിഴ്നാട്ടിലെ പ്രതിപക്ഷമായ എ ഐ ഡി എം കെയുടെ ഇടുക്കി ഘടകം ഇതുവരെയായും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വർഷങ്ങളായി ഇരു പാർട്ടികളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു പരസ്യ നിലപാട് എടുക്കാൻ ഇത്ര നാളായും തയ്യാറായിരുന്നില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ