വാക്‌സിൻ എടുക്കാന്‍ അദ്ധ്യാപകർക്ക് വിമുഖത; കാരണങ്ങളിലൊന്ന് മതം, വ്യാപക വിമർശനം.
തിരു.: നാളെ സ്കൂൾ തുറക്കാനിരിക്കെ വിവാദമായി അദ്ധ്യാപകരുടെ വാക്സിന്‍ വിമുഖത. സംസ്ഥാനത്ത് ഇതുവരെ 2609 അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർ വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയില്‍ ഈ വിമുഖതയ്ക്ക് ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നത് മതപരമായ കാരണങ്ങളാണ് എന്നതാണ് വ്യാപക വിമർശനത്തിന് ഇടയാക്കുന്നത്. അലർജി, ആരോഗ്യപ്രശ്നം എന്നീ കാരണങ്ങള്‍ക്കൊപ്പമാണ് മതപരമായ കാരണത്താല്‍ അദ്ധ്യാപകർ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി മന്ത്രി അറിയിച്ചത്. ഇവർക്ക് ഓണ്‍ ലെെന്‍ ക്ലാസ് നിർദ്ദേശിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ വാക്സിൻ നിർബന്ധമാക്കി സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. ഇതോടെയാണ് ഇത്തരം അദ്ധ്യാപകർ എന്ത് അറിവാണ് വിദ്യാർത്ഥികള്‍ക്ക് നല്‍കുന്നതെന്ന ചർച്ച ആരംഭിക്കുന്നത്. പൊതുജന ആരോഗ്യത്തിനും പൊതു സമാധാനത്തിനും വിധേയമായിട്ട് മാത്രമുള്ള മതവിശ്വാസമേ ഭാരതത്തില്‍ അനുവദിച്ചിട്ടുള്ളൂ എന്നിരിക്കെ, മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്ത ഒറ്റയാൾക്കും ഇളവ് കൊടുക്കാൻ മന്ത്രിക്ക് അധികാരമില്ലെന്നാണ് വിഷയത്തില്‍ സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ പ്രതികരണം.
'മതപരമായ കാരണത്താൽ വാക്‌സിൻ എടുക്കാത്തവർക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് എവിടെ നിന്നാണ് കിട്ടിയത് ?
ഭരണഘടനയാണ് മതവിശ്വാസത്തിനുള്ള അവകാശം നൽകുന്നത്. പൊതുജന ആരോഗ്യത്തിനും പൊതു സമാധാനത്തിനും വിധേയമായിട്ടു മാത്രമുള്ള മതവിശ്വാസമേ ഇൻഡ്യയിൽ സമ്മതിച്ചിട്ടുള്ളൂ. പൊതുജനാരോഗ്യ കാരണങ്ങളാൽ ആണ് വാക്‌സിൻ മറ്റുള്ളവർക്ക് നിർബന്ധം ആക്കിയതെങ്കിൽ, മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്ത ഒറ്റയാൾക്കും ഇളവ് കൊടുക്കാൻ മന്ത്രിക്ക് അധികാരമില്ല. ഭരണഘടന നടപ്പാക്കാനാണ് മന്ത്രി. അതിനു താഴെയാണ് മന്ത്രി. മന്ത്രിക്കോ മന്ത്രിസഭയ്ക്കോ പ്രത്യേക അവകാശങ്ങൾ ഉണ്ടെന്ന് ശിവൻകുട്ടി മന്ത്രി തെറ്റിദ്ധരിക്കരുത്. ശമ്പളം തുടർന്നും വാങ്ങണമെങ്കിൽ, അവരോട് വാക്‌സിൻ എടുത്ത് ക്ലാസിൽ വരാൻ മന്ത്രി പറയണമെന്നും'- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രതികരണത്തില്‍ പറയുന്നു. അലർജി തുടങ്ങിയ ആരോഗ്യസംബന്ധിയായ കാരണങ്ങളാൽ വാക്‌സിനിൽ ഉള്ള ഇളവ് നൽകേണ്ടത് ഭരണഘടനാപരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലും വിഷയത്തില്‍ സർക്കാർ നിർദ്ദേശത്തെ തള്ളി രംഗത്തെത്തി. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അദ്ധ്യാപകർ എന്ത് അറിവാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് ഷാഹിദ കമാല്‍ ചോദിക്കുന്നു. അത്തരക്കാർ അദ്ധ്യാപകരായിരിക്കാന്‍ യോഗ്യരല്ലെന്ന വ്യക്തമായ പ്രതികരണമാണ് ഷാഹിദ കമാലും മുന്നോട്ടു വയ്ക്കുന്നത്.
അതേസമയം, മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാക്സിനേഷനില്‍ നിന്ന് വിട്ടു നില്‍ക്കുന്നവർക്കെതിരെ വ്യാപക വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിലുണ്ടാകുന്നത്. ഇത്തരക്കാർ രണ്ട് ആഴ്ച ഓണ്‍ ലെെന്‍ ക്ലാസ് സൗകര്യം നല്‍കി വീട്ടിലിരുത്തുന്നതിന് പകരം ജോലിയില്‍ നിന്ന് പിരിച്ചു വിടുകയാണ് വേണ്ടതെന്നും, അല്ലെങ്കില്‍ ജോലി രാജിവച്ച് മതപരമായ വരുമാനമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണെന്നും ഇവർ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ