പട്ടികജാതി പദ്ധതികളും ഫണ്ടും;
ധവളപത്രം ഇറക്കണമെന്ന് പട്ടികജാതി മോർച്ച.
തൃശൂർ: കേന്ദ്ര സർക്കാർ, സംസ്ഥാനത്തിന് നൽകിയ പട്ടികജാതി പദ്ധതികളെ കുറിച്ചും ഫണ്ടിനെ കുറിച്ചും അനുവദിച്ച ഫണ്ടിനെ കുറിച്ചും ചെലവഴിച്ച ഫണ്ടിനെ കുറിച്ചും ധവളപത്രം ഇറക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പട്ടികജാതി മോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രറ്റ് ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പട്ടികജാതി ക്ഷേമത്തിന് നൽകിയ ഫണ്ട് സംസ്ഥാനം ചിലവഴിക്കാതെ വകമാറ്റി. നൂറു ശതമാനം കേന്ദ്ര വിഹിതമുള്ള പദ്ധതികൾ പോലും സംസ്ഥാനം നടപ്പിലാക്കിയിട്ടില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച പട്ടികജാതി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതി പോലും അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ഈ പദ്ധതി പ്രകാരം എത്ര പട്ടികജാതി വിദ്യാർത്ഥികൾക്ക് അനുകൂല്യം കിട്ടിയെന്ന കണക്കു സർക്കാർ പുറത്തു വിടണം. കേന്ദ്രപദ്ധതികളുടെ ആനുകൂല്യങ്ങൾ പട്ടികജാതിക്കാരിൽ എത്താതിരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് പട്ടികജാതിഫണ്ട് തട്ടിപ്പ് വ്യാപകമായി നടക്കുകയാണ്. സർക്കാരിന്റെ ഒത്താശയും ഇതിന്റെ പിന്നിലുണ്ട്. തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതിഫണ്ട് വെട്ടിപ്പ് സംബന്ധിച്ച്, അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ സർക്കാർ തയ്യാറാകണം. നിലവിലെ അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷപെടാനുള്ള സിപിഎം പോലീസ് - സർക്കാർ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വി. സി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ബിജെപി മേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, ബിജെപി ജില്ലാ സെക്രട്ടറി ശശി മരുതയൂർ, ഒ. പി. ഉണ്ണികൃഷ്ണൻ, ആനന്ദൻ കൊടുമ്പ് എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ