പ്രവാചകൻ്റെ ഓർമ്മയിൽ ഇന്ന് നബിദിനം.

പ്രവാചകൻ്റെ ഓർമ്മയിൽ ഇന്ന് നബിദിനം.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാം മതവിശ്വാസികൾ നബി ദിനമായി ആഘോഷിക്കുന്നത്. ഹിജ്‌റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്‍റെ ജന്മദിനം. 
      പ്രഭാത നിസ്‌കാരത്തിനു മുമ്പേ പ്രാര്‍ത്ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായാണ് വിശ്വാസി സമൂഹം നബിദിനത്തെ വരവേൽക്കുക. പളളികളിലും മദ്രസകളിലും വിശ്വാസികള്‍ ഒത്തുകൂടി സന്തോഷം പങ്കുവയ്ക്കുന്നതും നബിദിനത്തിന്റെ ചടങ്ങാണ്. ദഫ്‌, അറബന തുടങ്ങിയ കലാരൂപങ്ങള്‍ നബിദിന പരിപാടികളിലെ ഏറ്റവും ആകര്‍ഷകമായ ഇനങ്ങളാണ്‌. വിശ്വസ്തൻ എന്നർഥമുള്ള അൽഅമീൻ എന്നായിരുന്നു നബിയെ വിളിച്ചിരുന്നത്.  ഒരു ലക്ഷത്തിയിരുപത്തയ്യായിരത്തിൽപ്പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഒടുവിലത്തെ പ്രവാചകനാണ് മുഹമ്മദ് നബി എന്ന് മുസ്‌ലിം മതവിശ്വാസികൾ വിശ്വസിക്കുന്നു. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിച്ച ഒരു മഹത് ജീവിതത്തെയാണ് മുഹമ്മദ് നബിയുടെ ജന്മദിനത്തിലൂടെ ലോകം ഓർത്തെടുക്കുന്നത്. സംസ്‌കാരത്തിന്റെ വെളിച്ചം കെട്ടുപോയൊരു കാലത്ത് മാനവ സ്‌നേഹത്തിന്റെ നന്മയുടെയും സന്ദേശകനായാണ് നബി എത്തിയത്. 14 നൂറ്റാണ്ടിലേറെയായി നബിയുടെ ജീവിതവും സന്ദേശങ്ങളും ലോകത്തിലെ ഓരോ തലമുറയും പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. 
       മിതഭാഷിയായിരുന്ന അദ്ദേഹം ആരെയും അവഗണിച്ചില്ല. മനുഷ്യരോടും പ്രകൃതിയോടും ജീവജാലങ്ങളോടുമെല്ലാം സ്നേഹത്തോടെ പെരുമാറി. സഹോദരനോട് പുഞ്ചിരിക്കുന്നത് ധർമ്മമാണെന്ന് പഠിപ്പിച്ചു. ഹസ്തദാനം ചെയ്താൽ ആദ്യം കൈവലിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ആരാധനാകാര്യങ്ങളിൽ കണിശത പുലർത്തുകയും രാത്രി ദീർഘനേരം ആരാധനയ്ക്ക് നീക്കിവെക്കുകയും ചെയ്ത, നബിയുടെ സവിശേഷമായ ഒരു കാര്യമുയർത്തി ഖുർആൻ പ്രശംസിച്ചത് അവിടത്തെ സ്വഭാവമഹിമയെക്കുറിച്ചായിരുന്നു. മനുഷ്യനോടുള്ള ആദരവാണ് മതം നിഷ്കർഷിക്കുന്നത്. ‘ഉത്‌കൃഷ്ടമായ സ്വഭാവത്തിന്റെ ഉടമ ' എന്നാണ് നബിയെ ഖുർആൻ വിശേഷിപ്പിക്കുന്നത്. 
       മാനവിക മഹിമയാണ് നബി ദിനത്തിന്റെ പ്രധാന സന്ദേശം. പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും മുഹമ്മദ് നബിയുടെ പ്രധാന അദ്ധ്യാപനങ്ങളിലൊന്നാണ്. ‘ജനങ്ങളോട് ദയ കാണിക്കാത്തവരോട് അല്ലാഹുവും ദയ കാണിക്കില്ല’, 'ഭൂമിയിലുള്ളവരോട് മുഴുവൻ നിങ്ങൾ ദയ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് ദയ കാണിക്കും' തുടങ്ങിയ വചനങ്ങളിലൂടെ പ്രവാചകൻ കരുണയുടെ ചക്രവാളം മുഴുവൻ ചരാചരങ്ങൾക്കുമായി തുറന്നു കൊടുക്കുകയാണ്. തിരിച്ചടികൾ ഉണ്ടാകുമ്പോൾ സമചിത്തതയോടെയും വിവേകത്തോടെയും സമീപിക്കണമെന്നാണ് നബി നൽകുന്ന പാഠം.
     മതചിഹ്നങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മാത്രമല്ല, സഹജീവികളോട് അനുകമ്പയും സ്നേഹവും കരുണയും ഇല്ലെങ്കിൽ മതജീവിതം പൂർണ്ണമാവില്ല എന്നതും നബികല്പനകളിലൊന്നാണ്. എല്ലാ വിഭാഗം മനുഷ്യരുമായുമുള്ള ആദാനബന്ധങ്ങൾ നബിയുടെ കല്പനകളിൽ വിലപ്പെട്ടതാണ്.
      അനാഥത്വത്തിന്‍റെ ദുരിതങ്ങള്‍ സഹിച്ച് വളര്‍ന്ന നബി ഏക ദൈവ വിശ്വാസികളുടെ വഴികാട്ടിയായി.
‘വായിച്ചു വളരുക ' എന്ന ശക്തി മന്ത്രം അദ്ദേഹം ഉപദേശിച്ചു. തന്‍റെ ഇല്ലായ്മകളും പോരായ്മകളും അദ്ദേഹം ലോകത്തിന്‍റെ ശ്രേയസ്സിനുള്ള ആയുധമാക്കി മാറ്റി.
        എല്ലാവർക്കും പ്രാദേശിക വാർത്തകൾ ടീമിൻ്റെ നബിദിനാശംസകൾ.

Post a Comment

വളരെ പുതിയ വളരെ പഴയ