സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടി.

സംസ്ഥാനത്തെ  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടി.
തിരു.: സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നത് നീട്ടി. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും തുറക്കുക. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് കോളേജ് തുറക്കുന്നത് നീട്ടിയത്.
സംസ്ഥാനത്ത് ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. യോഗത്തില്‍ അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനമെടുത്തു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
       കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കും. രക്ഷാ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.
      തീരദേശ മേഖലയില്‍ ഇടക്കിടെ മുന്നറിയിപ്പ് നല്‍കണം. ദുരന്തസാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ദേശീയ ദുരന്ത പ്രതികരണ സേന നിലവില്‍ നല്ല സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. ആവശ്യമുള്ളവര്‍ അവരെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ ദുരന്ത ഘട്ടങ്ങളില്‍ സംസ്ഥാനത്തെ നല്ല നിലക്ക് സഹായിച്ചവരാണ്. അവരെയൊക്കെ ഏകോപിതമായി ഉപയോഗിക്കാനാവണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കനത്ത മഴ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.


Post a Comment

വളരെ പുതിയ വളരെ പഴയ