മുല്ലപ്പെരിയാർ: 3 ഷട്ടറുകൾ കൂടി തുറന്നു; ജലനിരപ്പ് 138.95 അടി.
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 3 ഷട്ടറുകൾ കൂടി തുറന്നു. മൊത്തം 13 ഷട്ടറുകളിൽ ആറെണ്ണവും തുറന്ന ശേഷവും ജലനിരപ്പ് 138.95 അടിയാണ്. കേന്ദ്ര ജല കമ്മിഷന്റെ റൂൾ കർവ് പ്രകാരം ഇന്നു വരെ 138 അടിയാണ് അനുവദനീയം. അതേസമയം, സുപ്രീം കോടതി വിധിപ്രകാരം നാളെ മുതൽ നവംബർ 11 വരെ തമിഴ്നാടിന് 139.5 അടി ജലനിരപ്പ് നിലനിർത്താം.
വെള്ളിയാഴ്ച 35 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്ന 3 ഷട്ടറുകളും, മഴ കനത്തതോടെ ഇന്നലെ രാവിലെ 11നു കൂടുതൽ ഉയർത്തി 70 സെന്റി മീറ്ററാക്കി. എന്നിട്ടും ജലനിരപ്പ് താഴാതിരുന്നതിനാലാണ് വൈകിട്ടു നാലോടെ മറ്റു 3 ഷട്ടറുകൾ 50 സെന്റി മീറ്റർ വീതം ഉയർത്തിയത്. ഇതോടെ പെരിയാറിലേക്ക് ഒഴുക്കി വിടുന്ന വെള്ളം സെക്കൻഡിൽ 2974 ഘനയടിയായി (ഏകദേശം 84,194 ലീറ്റർ). തമിഴ്‌നാട് 2340 ഘനയടി വെള്ളം കൊണ്ടു പോകുന്നു. ഇടുക്കി ഡാമിൽ ഇന്നലെ വൈകിട്ട് 5നു 2398.28 അടി വെള്ളമുണ്ട്. വ്യാഴാഴ്ച റെഡ് അലർട്ട് ലെവലായ 2398.31ൽ എത്തിയിരുന്നെങ്കിലും നിലവിൽ ഓറഞ്ച് അലർട്ടാണ്.
إرسال تعليق