പോത്തിനെ വളർത്തിയ കർഷകർ ബുദ്ധിമുട്ടിൽ.

പോത്തിനെ വളർത്തിയ കർഷകർ ബുദ്ധിമുട്ടിൽ.
കോട്ടയം: വിൽപ്പന നടത്താൻ കഴിയാതെ പോത്തിനെ വളർത്തിയ കർഷകർ ബുദ്ധിമുട്ടുകയാണെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെകട്രി എബി ഐപ്പ് ആരോപിച്ചു. ഇടനിലക്കാരുടെ ഇടപെടലില്ലാതെ വിൽപ്പന നടത്താൻ പറ്റാത്ത സാഹചര്യം ഉണ്ടായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പോത്ത് വളർത്തലിലേക്ക് തിരിഞ്ഞ കർഷകർ വലിയ തോതിൽ വർദ്ധിച്ചിരുന്നു. അയ്യായിരം രൂപായിൽ താഴെ വിലയ്ക്ക് ലഭിച്ചിരുന്ന പോത്തിൻകുട്ടികളുടെ വില അതോടെ പതിനയ്യായിരത്തിനു മുകളിലേക്ക് ഉയർന്നു. എന്നാൽ, വളർച്ചയെത്തിയ പോത്തുകൾ വിൽക്കാൻ തയ്യാറെടുത്ത കർഷകർക്ക് ഇടനിലക്കാരും കശാപ്പുകാരും ഒത്തുകളിച്ചു വില നൽകാൻ തയ്യാറാകുന്നില്ല. ഇതാണ് കർഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. വിപണിയിലെ ഇറച്ചി വിലയുടെ പകുതി വില പോലും, കർഷകർക്ക് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചെറിയ കശാപ്പുശാലകൾ ഇല്ലാതായതും വലിയ കാശപ്പുശാലകൾക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഉരുക്കളെ എത്തിക്കുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. വലിയ കശാപ്പുശാലകളിൽ നിന്നു ഇറച്ചി വാങ്ങി വിൽപ്പന നടത്തുന്ന കടകളാണ് ഗ്രാമപ്രദേശങ്ങളിൽ കൂടുതലും ഉള്ളത്. സർക്കാർ നിയന്ത്രണത്തിലുള്ള മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ വഴി കർഷകരുടെ പോത്തുകളെ ന്യായവിലയ്ക്ക് വാങ്ങി കർഷകരെ സഹായിക്കുക. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഉരുക്കൾ ചെക്കു പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കാനും നടപടി സ്വീകരിച്ചില്ലെങ്കിൽ, കർഷകരെ സംഘടിപ്പിച്ച് സമരപരിപാടി തുടങ്ങാനാണ് തീരുമാനം എന്നും എബി ഐപ്പ് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ