പൈപ്പ് പൊട്ടി വീടുകളിലും കടകളിലും വെള്ളം കയറി.
ആലുവാ : കീഴ്മാട് റേഷൻകട കവലയിൽ കൂറ്റൻ പൈപ്പ് പൊട്ടി വീടുകളിലും കടകളിലും വെള്ളം കയറി. ആലുവ ജലശുദ്ധീകരണ ശാലയിൽ നിന്നു ചുണങ്ങംവേലി, നാലാംമൈൽ എന്നിവിടങ്ങളിലേക്കു വെള്ളം കൊണ്ടുപോകുന്ന 350 എംഎം ആസ്ബസ്റ്റോസ് പൈപ്പാണു പൊട്ടിയത്. തുടർന്നു റോഡ് നിറഞ്ഞു വെള്ളം കുത്തിയൊഴുകി. വി. കെ. ഉസ്മാന്റെ പച്ചക്കറിക്കട, വി. എ. സഫീറിന്റെ കോഴിക്കട, കെ. രഞ്ജിത്ത് കുമാറിന്റെ പലചരക്കു കട എന്നിവിടങ്ങളിലാണു വെള്ളം കയറിയത്.
തൊട്ടടുത്ത വീടുകളിലും വെള്ളം കയറി. ചെളിയും മണ്ണും നിറഞ്ഞ വെള്ളമാണ് ഒഴുകിയെത്തിയത്. ജലഅതോറിറ്റി ഉദ്യോഗസ്ഥർ അര മണിക്കൂറിനുള്ളിൽ പൈപ്പിലൂടെയുള്ള ജലവിതരണം നിർത്തി. എന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണു റോഡിലൂടെയുള്ള ഒഴുക്കു നിലച്ചത്. പൂർണ്ണമർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചതാണു പൈപ്പ് പൊട്ടാൻ കാരണമെന്നു പറയുന്നു. പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. ഈ ഭാഗങ്ങളിൽ ജലവിതരണം പൂർവ സ്ഥിതിയിലാകാൻ 2 ദിവസം വേണ്ടിവന്നേക്കും.
إرسال تعليق