മെഡിക്കൽ കോളേജിൽ കാത്ത്‌ലാബ് തുറന്നു.

മെഡിക്കൽ കോളേജിൽ കാത്ത്‌ലാബ് തുറന്നു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50 ദിവസങ്ങൾക്കു ശേഷം ഹൃദയശസ്ത്രക്രിയ പുനരാരംഭിച്ചു. യു.പി.എസിലെ ബാറ്ററിയുടെ ശേഷി തീർന്ന് കാത്ത്‌ലാബ് പ്രവർത്തിക്കാതിരുന്നതിനാലാണ് 50 ദിവസമായി ശസ്ത്രക്രിയകൾ മുടങ്ങിയത്. ശനിയാഴ്ച മൂന്ന് ആൻജിയോപ്ലാസ്റ്റിയും രണ്ട് ആൻജിയോഗ്രാമും നടത്തി.
      ആൻജിയോപ്ലാസ്റ്റിക്ക് തീയതി നൽകിയിരുന്ന 40 രോഗികളാണ് ഊഴം കാത്തു കഴിയുന്നത്. 35,000 രൂപയുടെ ബാങ്ക് ഗാരന്റിയുടെ പേരിൽ സ്വകാര്യ കമ്പനിയുമായി ധാരണയിൽ എത്താനാവാഞ്ഞതിനാലാണു സാധാരണക്കാരുടെ ഹൃദയശസ്ത്രക്രിയ മുടങ്ങിയത്. നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്നമാണു ധനകാര്യവിഭാഗം ഉദ്യോഗസ്ഥരുടെ കടുംപിടിത്തം മൂലം നീണ്ടു പോയത്.
      മെഡിക്കൽ കോളേജിൽ ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള സർക്കാർ പദ്ധതികൾക്ക് അർഹരായ രോഗികൾക്കു ചികിത്സ സൗജന്യമാണ്. സ്വകാര്യ ആശുപത്രികൾ പലതും ആരോഗ്യ ഇൻഷുറൻസ് നൽകാൻ തയ്യാറാകാത്തതു കാരണം ഇത്തരം രോഗികൾ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്താനുള്ള അവസരം എത്തും വരെ കാത്തിരിക്കണം.

കൂടുതൽ കേസുകൾ ചെയ്തു കാത്തിരിപ്പിന്റെ അകലം കുറയ്ക്കും. 
       കോവിഡ് വന്നതിനു ശേഷം നിത്യേന ശരാശരി അഞ്ചു ശസ്ത്രക്രിയകളാണ് കാത്ത്‌ലാബിൽ നടക്കുന്നത്. നേരത്തെ പത്തും പതിനഞ്ചും ചെയ്തിരുന്നു. കാത്ത്‌ലാബ് അടച്ചതിനെത്തുടർന്നു മാറ്റിവച്ച 40 ശസ്ത്രക്രിയകൾ വേഗം തീർക്കാനുള്ള പരിശ്രമത്തിലാണ് ഡോക്ടർമാർ. കാർഡിയോളജി പി.ജി. വിദ്യാർഥികൾക്കു ചൊവ്വാഴ്ച സർവകലാശാലാ പരീക്ഷയുണ്ട്. അതിനുശേഷം കൂടുതൽ ശസ്ത്രക്രിയകൾ ചെയ്തുതുടങ്ങും.

ഉപകരണങ്ങളുടെ ക്ഷാമം പ്രശ്നമാകില്ല.
       കാത്ത്‌ലാബ് ഉപകരണങ്ങൾ നൽകിയ വകയിൽ കുടിശ്ശിക നൽകാത്തതിനാൽ വിതരണക്കമ്പനികൾ നിസ്സഹകരണത്തിലാണെങ്കിലും തത്‌കാലം പ്രതിസന്ധി ഉണ്ടാകില്ലെന്നാണു വിവരം. ആവശ്യത്തിന് ഉപകരണങ്ങൾ ലഭ്യമാണ്. ശനിയാഴ്ചയും മൂന്ന് സ്റ്റെന്റുകൾ ഉപയോഗിച്ചാണ് ആൻജിയോപ്ലാസ്റ്റികൾ ചെയ്തത്.

Post a Comment

വളരെ പുതിയ വളരെ പഴയ