പിഎസ്‌സിയെ നോക്കുകുത്തിയാക്കി, പാർട്ട് ടൈം ക്യാംപ് ഫോളോവേഴ്സിനെ സ്ഥിരപ്പെടുത്തുന്നു.
തിരു.: പിഎസ്‌സിയെ നോക്കുകുത്തിയാക്കി പൊലീസ് സേനയിലെ പാർട്ട് ടൈം ക്യാംപ് ഫോളോവേഴ്സിനെ സ്ഥിരപ്പെടുത്താൻ നീക്കം. ക്യാംപ് ഫോളോവർമാരുടെ ഓരോ വിഭാഗത്തിലും അംഗീകൃത അംഗബലത്തിന്റെ 20 % പാർട്ട് ടൈം ജീവനക്കാരിൽ നിന്ന് നികത്തണമെന്ന് ഉത്തരവിറങ്ങി. സ്പെഷൽ റൂൾസ് ഭേദഗതി അനുസരിച്ച്, യോഗ്യതയുള്ളവർ ഇല്ലെങ്കിൽ മാത്രം ഈ വിഭാഗത്തിൽ നിന്ന് ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ടു ചെയ്യാനാണ് നിർദ്ദേശം. പൊലീസ് ആസ്ഥാനത്തു നിന്ന് ഇറക്കിയ ഉത്തരവിൽ പലയിടത്തും അവ്യക്തതയുണ്ട്. 20 ശതമാനമെന്നു പറയുമ്പോഴും 40 ശതമാനത്തോളം ഒഴിവുകളാണ് ഉത്തരവനുസരിച്ച് പാർട്ട് ടൈം ജീവനക്കാർക്കായി നീക്കി വച്ചിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്കു ക്യാംപ് ഫോളോവർമാരെ നിയോഗിക്കുന്നതായി ആരോപണമുയർന്നപ്പോഴാണ് ഈ തസ്തിക പിഎസ്‍സിക്കു വിടാൻ സർക്കാർ ആലോചന തുടങ്ങിയത്. അതിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ റൂൾസ് ഭേദഗതി ചെയ്തു. എന്നാൽ, പിഎസ്‍സി നിയമനത്തിന്റെ മറവിൽ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തലാണ് ലക്ഷ്യമിടുന്നത്. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ശുപാർശ ചെയ്തവരാണ് പാർട്ട് ടൈം ജീവനക്കാരായി ജോലി ചെയ്യുന്നവരിൽ അധികവും. ഇവരെ സ്ഥിരപ്പെടുത്തുന്നതോടെ പിഎസ്‌സി വഴി ജോലി നോക്കുന്നവർക്കു വലിയ തിരിച്ചടിയാകും.
വിവിധ യൂണിറ്റുകളിൽ ക്യാംപ് ഫോളോവർ വിഭാഗത്തിൽ ജോലി ചെയ്യുന്ന കുക്ക്, ബാർബർ, സ്വീപ്പർ കം സാനിറ്ററി വർക്കർ, വാട്ടർ കാരിയർ, ഡോബി എന്നീ തസ്തികളിലേക്കുള്ള 393 ഒഴിവുകളിൽ 178 ഒഴിവുകൾ പാർട്ട് ടൈം ജീവനക്കാരിൽ നിന്നും 215 ഒഴിവുകൾ പിഎസ്‌സി വഴി നികത്തണമെന്നുമാണ് നിർദ്ദേശിച്ചിട്ടുള്ളത്. 215 ഒഴിവുകളുള്ള കാര്യം പിഎസ്‌സിയെ അറിയിച്ചിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പാർട്ട് ടൈം ജീവനക്കാർക്കു യോഗ്യതയില്ലെങ്കിൽ ആ നിയമനം പിഎസ്‌സിക്കു വിടാമെന്ന് ഉത്തരവില്‍ പറയുമ്പോൾ, പാർട്ട് ടൈം ജീവനക്കാരുടെ യോഗ്യത എന്താണെന്നും ഇതെങ്ങനെ കണ്ടെത്തുമെന്നുമാണ് ഉയരുന്ന ചോദ്യം. പിഎസ്‌സിക്കു നിയമനം വിട്ടെന്നു വരുത്തിതീർത്ത് ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമെന്ന ആക്ഷേപം ഉയരാൻ പ്രധാന കാരണവും ഇതുതന്നെ. പിഎസ്‌സിയെ ഒഴിവുകളുടെ എണ്ണം അറിയിച്ചതായി പറയുന്നുണ്ടെങ്കിലും പിഎസ്‌സി വിജ്ഞാപനം ഇറങ്ങി പരീക്ഷ നടത്തി നിയമന നടപടികൾ പൂർത്തിയാക്കാൻ കാലങ്ങളെടുക്കും. അപ്പോഴേക്കും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇഷ്ടമുള്ള പാർട് ടൈം ജീവനക്കാരെയെല്ലാം സ്ഥിരപ്പെടുത്താനാകും. സ്ഥിരപ്പെടുത്തിയാൽ 25,000–30,000 രൂപ ശമ്പളവും തുടക്കത്തിൽ ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ