വർഷങ്ങളായി വാഹനമിട്ടാലും അനധികൃത പാർക്കിങ് അനുവദിക്കാനാവില്ല: ഹൈക്കോടതി.

വർഷങ്ങളായി വാഹനമിട്ടാലും അനധികൃത പാർക്കിങ് അനുവദിക്കാനാവില്ല: ഹൈക്കോടതി.
   
കൊച്ചി: പൊതുറോഡിൽ ഏതെങ്കിലും സ്ഥലത്ത് വർഷങ്ങളായി പാർക്ക് ചെയ്യുന്നതിന്റെ പേരിൽ ഓട്ടോറിക്ഷകളുടെ അനധികൃത പാർക്കിങ് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. തന്റെ കടയ്ക്കു മുന്നിലെ അനധികൃത പാർക്കിങ് ബിസിനസിനു തടസ്സമാണെന്നു കാണിച്ച് എരുമേലി സ്വദേശി മാർട്ടിൻ ജേക്കബ് നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
      കോടതിയുടെ ഇടക്കാല ഉത്തരവു പ്രകാരം കടയ്ക്കു മുന്നിലെ പാർക്കിങ് ഒഴിവാക്കിയതായി പൊലീസും പഞ്ചായത്തും അറിയിച്ചു. എന്നാൽ 30 വർഷത്തിലേറെയായി തങ്ങൾ അവിടെ വാഹനം ഇടുന്നതാണെന്നും കടയുടെ കെട്ടിടം അനധികൃതമാണെന്നും ഓട്ടോറിക്ഷകളുടെയും മറ്റു വാഹനങ്ങളുടെയും ഉടമകൾ അറിയിച്ചു. വാഹന ഓപ്പറേറ്റർമാരുടെ പരാതികൾ ഉചിതമായ ഫോറത്തിൽ ഉന്നയിക്കാമെന്നു കോടതി പറഞ്ഞു.
      നിലവിലുള്ള സ്ഥലത്തു പാർക്കിങ്ങിന് അനുമതി കിട്ടാനോ പകരം പാർക്കിങ് സ്ഥലം കിട്ടാനോ വാഹന ഉടമകൾ പഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കണം. അപേക്ഷ കിട്ടിയാൽ അധികൃതർ നിയമാനുസൃതം തീരുമാനം എടുക്കണം. അല്ലാതെ, വർഷങ്ങളായി തുടരുന്ന പാർക്കിങ്ങിന്റെ പേരിൽ അനധികൃത പാർക്കിങ് സാധൂകരിക്കാനാവില്ല. നിയമാനുസൃതം അനുമതി നേടുന്നതു വരെ പൊലീസ് അവിടെ പാർക്കിങ് അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ