‘ഗുലാബ്’ ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്ര– ഒഡീഷ തീരങ്ങളിൽ കനത്ത ജാഗ്രത.
ഭുവനേശ്വർ: മധ്യവടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ‘ഗുലാബ്’ ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയോടെ ഇന്നലെ വൈകിട്ട് ആറ് മണിയോടു കൂടി ആന്ധ്ര– ഒഡീഷ തീരത്ത് ചുഴലിക്കാറ്റു പ്രവേശിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് പൂർണ്ണമായും കരയിൽ പ്രവേശിച്ചു.
ആന്ധ്രയിലെ കലിംഗ പട്ടണത്തിനും ഒഡീഷയിലെ ഗോപാൽപൂരിനും ഇടയിലാണ് പ്രവേശിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശത്തുള്ളവർ മാറിതാമസിക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളം ഗുലാബ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുകയാണ്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. ഇന്നും നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും വിലക്കിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ