സമരത്തിന് പത്ത് മാസം, വീര്യം ചോരാതെ കർഷകർ; സമരം മൂന്നാം ഘട്ടത്തിലേക്ക്.

സമരത്തിന് പത്ത് മാസം, വീര്യം ചോരാതെ കർഷകർ; സമരം മൂന്നാം ഘട്ടത്തിലേക്ക്.
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സിംഘുവിലും തിക്രിയിലും ഗാസിപുരിലും കര്‍ഷകര്‍ തമ്പടിച്ചിട്ട് 10 മാസം. ഇതിനിടെ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ സമരവേദികളിലെത്തി. ഇന്നത്തെ ഭാരത് ബന്ദോടെ സമരം മൂന്നാം ഘട്ടത്തിലേക്ക് കടക്കും. ഞായറാഴ്ച പാനിപത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച മഹാറാലി നടന്നു.
       ഡല്‍ഹി അതിര്‍ത്തികളിലെ വേദികളില്‍ സമരവീര്യം അനുദിനം വര്‍ദ്ധിക്കുകയാണ്. പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഏറെയും. സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോഴെല്ലാം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ എത്തി. സമരനേതാവ് രാകേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്ത് ഗാസിപുര്‍ സമരം ദുര്‍ബലമാക്കാന്‍ ശ്രമിച്ചത് പ്രക്ഷോഭവീര്യം ഇരട്ടിയാക്കി. എല്ലാ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകള്‍ ആരംഭിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ മാർച്ചിലെ സംഘര്‍ഷം  കനത്ത തിരിച്ചടിയുണ്ടാക്കി. ആ സംഘർഷം ആസൂത്രിതമായിരുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. എങ്കിലും ഒത്തുതീര്‍പ്പ് സൂചനകളൊന്നും ഇല്ലാത്തതിനാല്‍ സമരം ശക്തമായി തുടരാനാണു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകളെ താഴെ ഇറക്കാനുള്ള പ്രചാരണവും ആരംഭിച്ചതോടെ, സമരം പലയിടത്തും രാഷ്ട്രീയ പ്രേരിതവുമായി. പലയിടങ്ങളിലും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയിൽ, തികച്ചും കർഷക സ്നേഹത്തേക്കാൾ, രാഷ്ട്രീയ ലക്ഷ്യമാണ് മുഴച്ചു നിൽക്കുന്നത്.  തിങ്കളാഴ്ചത്തെ ഭാരത് ബന്ദോടെ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കും. എല്ലാവരുടെയും പിന്തുണ തേടുന്ന സംയുക്ത കിസാന്‍മോര്‍ച്ച, സമരത്തെ രാഷ്ട്രീയവൽക്കരിക്കില്ലെന്നും വേദികളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും, സമരത്തിനും പ്രതിഷേധങ്ങൾക്കും രാഷട്രീയ നിറം വന്നു കഴിഞ്ഞിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ