നോക്കുകൂലി മര്‍ദ്ദനം; കരാറുകാരനെതിരെ പഞ്ചായത്ത്, നിർമ്മാണം തടഞ്ഞു.
തിരു.: പോത്തന്‍കോട് നോക്കുകൂലി മര്‍ദ്ദനം വിവാദമായതോടെ കരാറുകാരനെതിരെ പരാതിയുമായി പഞ്ചായത്ത്. പെര്‍മിറ്റ് വാങ്ങാതെയാണു നിര്‍മ്മാണം തുടങ്ങിയതെന്നും സര്‍ക്കാര്‍ സ്ഥലം കയ്യേറിയെന്നും ആക്ഷേപമുണ്ട്. നിര്‍മ്മാണം തല്‍ക്കാലത്തേക്കു നിര്‍ത്താനും ആവശ്യപ്പെട്ടു. നോക്കുകൂലിക്കേസില്‍ ഒത്തുതീര്‍പ്പിന് വഴങ്ങാത്തതിലെ വൈരാഗ്യമാണു പഞ്ചായത്തിനെന്നു കരാറുകാരന്‍ ആരോപിച്ചു. നോക്കുകൂലി നല്‍കാത്തതിനു കരാറുകാരനെയും തൊഴിലാളികളെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഐഎന്‍ടിയുസിയും സിഐടിയുവും പ്രതിരോധത്തിലായി. തൊഴിലാളികള്‍ക്കെതിരെ കേസുമായി. ഇതിനു പിന്നാലെയാണ്, മര്‍ദ്ദനമേറ്റ കരാറുകാരനെതിരെ കൂടുതല്‍ ആക്ഷേപങ്ങളുയര്‍ന്നത്. 7 സെന്റ് സ്ഥലത്ത് വീടു നിര്‍മ്മിക്കുന്ന സ്ഥലം ഉടമ, കെട്ടിട നിര്‍മമാണ പെര്‍മിറ്റിന് 15–ാം തീയതി അപേക്ഷ നല്‍കിയതേയുള്ളൂ. പെര്‍മിറ്റ് ലഭിക്കും മുന്‍പ് നിര്‍മ്മാണം തുടങ്ങി. കൂടാതെ വഴിയുടെ പേരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ആരോപിക്കുന്നു. നോക്കുകൂലി കേസില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടിരുന്നെന്നും വഴങ്ങാത്തതാണു പുതിയ ആരോപണങ്ങള്‍ക്കു കാരണം എന്നുമാണു കരാറുകാരന്റെ മറുപടി.
നോക്കുകൂലി മര്‍ദ്ദനത്തിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങളുയര്‍ത്തി നിര്‍മ്മാണം തന്നെ പഞ്ചായത്ത് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കരാറുകാരന്‍ നോക്കുകൂലി തര്‍ക്കമായി വഴിതിരിച്ചു വിട്ടതെന്നാണു പഞ്ചായത്ത് പറയുന്നത്.
അതേസമയം, അഞ്ചും ഏഴും സെൻ്റ് മാത്രമുള്ള പാവപ്പെട്ടവരുടെ വീട് എന്ന സ്വപ്നം, ഓരോ കാരണങ്ങൾ പറഞ്ഞ്, തട്ടിത്തെറിപ്പിക്കാനാണ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങടക്കം അധികാര കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ