പുതിയ കായികനയം അടുത്ത വർഷം നടപ്പാക്കും: മന്ത്രി
മലപ്പുറം: സംസ്ഥാനത്തിന്റെ പുതിയ കായികനയം അടുത്ത വർഷം പ്രഖ്യാപിച്ച് നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. അടുത്ത അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ കായിക പഠനം സിലബസിലുൾപ്പെടുത്തും. എല്ലാ പഞ്ചായത്തുകളിലും ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് മിനിസ്റ്റർ പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടേതടക്കമുള്ളവരുടെ കായിക വികസനത്തിനും പ്രോത്സാഹനത്തിനും എല്ലാ പഞ്ചായത്തുകളിലും ഒക്ടോബർ മാസത്തോടെ സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കും. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലനത്തിന് ഒരു വർഷം നീലേശ്വരം വേദിയാകും. ഈ കാലയളവിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ടീമുകൾക്കും ഇന്ത്യൻ ടീമുമായി പരിശീലന മത്സരങ്ങളും സംഘടിപ്പിക്കും. സ്വകാര്യ മേഖലയിൽ സംസ്ഥാനത്തെ കായിക രംഗത്ത് 5,000 കോടിയോളം രൂപയുടെ നിക്ഷേപം ഇതിനോടകം വന്നിട്ടുണ്ട്. ടർഫ് പോലുള്ള സംവിധാനങ്ങളുടെ വ്യാപനവും സ്വീകാര്യതയും വിദേശികളെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ രംഗത്ത് നിലവാരം ഉറപ്പു വരുത്താൻ വേണ്ട പ്രോത്സാഹനം സർക്കാർ നൽകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം എന്ന ആശയം ഏതാണ്ട് പൂർത്തിയാകുന്നു.
ഇതിനു പുറമേ വയോജനങ്ങൾക്കും സമയം ചെലവിടാവുന്ന വിധത്തിലുള്ള കായിക കേന്ദ്രങ്ങളാണ് പഞ്ചായത്തുകളിൽ വിഭാവനം ചെയ്യുന്നത്– അദ്ദേഹം പറഞ്ഞു.
വിരമിച്ച മാധ്യമ പ്രവർത്തകരായ സി. പി. സെയ്തലവി (ചന്ദ്രിക മുൻ എഡിറ്റർ), അശോക് ശ്രീനിവാസ് (മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ,), ഇബ്രാഹിം കോട്ടയ്ക്കൽ (മാധ്യമം മുൻ ഡപ്യൂട്ടി എഡിറ്റർ) എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. പ്രസിഡന്റ് ശംസുദ്ദീൻ മുബാറക് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ പാലോളി കുഞ്ഞുമുഹമ്മദ്, പ്രസ് ക്ലബ് സെക്രട്ടറി കെ. പി. എം. റിയാസ്, ട്രഷറർ സി. വി. രാജീവ് എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ