പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി.

പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി.


കൊച്ചി: ഏറ്റുമാനൂരിൽ അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്  5 വർഷത്തിലേറെയായി തടവിൽ കഴിയുന്ന ഒഡീഷ സ്വദേശിയെ വിട്ടയയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒഡീഷ സ്വദേശി ചന്ദ്രമണി ദുർഗയെ (ജഗു–28) കൊലപ്പെടുത്തിയ കേസിലെ പ്രതി ശശി കുമാർ നായിക്കിന് സംഭവം നടക്കുമ്പോൾ പ്രായപൂർത്തി ആയിരുന്നില്ലെന്ന് കണ്ടെത്തിയാണു ഹൈക്കോടതി ഉത്തരവ്.

ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടിയിരുന്നതെന്നു വ്യക്തമാക്കിയ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്, അഡീഷനൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും റദ്ദാക്കി.  2016 ഓഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂരിൽ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികളായിരുന്ന ഇരുവരും ഒന്നിച്ചാണു താമസിച്ചിരുന്നത്.

വാക്കുതർക്കത്തെത്തുടർന്ന് കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ഓഗസ്റ്റ് 15 മുതൽ ശശികുമാർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. സംഭവം നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന് അപ്പീലിൽ വിശദീകരിച്ചു. തുടർന്ന് ഒഡീഷയിലെ ലീഗൽ സർവീസസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രതിയുടെ പ്രായം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

സംഭവം നടക്കുമ്പോൾ ശശികുമാറിന് 17 വർഷവും 7 മാസവും 10 ദിവസവും മാത്രമാണ് പ്രായമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത്തരം കേസുകളിൽ ബാലനീതി നിയമപ്രകാരം മൂന്നു വർഷം സ്പെഷൽ ഹോമിൽ പാർപ്പിക്കാനേ വ്യവസ്ഥയുള്ളൂ എന്നും പ്രതി അഞ്ചു വർഷം തടവുശിക്ഷ അനുഭവിച്ചെന്നും കോടതി വിലയിരുത്തി.

Post a Comment

വളരെ പുതിയ വളരെ പഴയ