പാചക വാതക സബ്സിസി അടിയന്തിരമായി പുന:സ്ഥാപിക്കണം, വില നിയന്ത്രിക്കണം: കുരുവിള മാത്യൂസ്.
കൊച്ചി: കോവിഡിൻ്റെ മറവിൽ 2020 മെയ് മുതൽ ഗാർഹിക പാചക വാതകത്തിൻ്റെ സബ്സിഡി കേന്ദ്ര സർക്കാർ നിർത്തൽ ചെയ്തത് അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ.) സംസ്ഥാന വൈസ് ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
ഒരു വർഷം 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ നൽകിയിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് 2020 മെയ് മുതൽ ലഭിക്കാനുള്ള സബ്സിഡി കുടിശ്ശിഖ അടിയന്തിരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാപകമായ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സമസ്ത മേഖലയിലുള്ള ജനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ അടിക്കടിയുള്ള പാചക വാതക വില വർദ്ധനവ് ജനങ്ങൾക്ക് താങ്ങാൻ കഴിയില്ല. ജനുവരി 1 മുതൽ സെപ്റ്റബർ 1 വരെയുള്ള കാലയളവിൽ 190 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത് ഇതിന് യാതൊരു ന്യായീകരണവും ഇല്ല. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിലിൻ്റെ വിലയിൽ കുറവ് വരുമ്പോഴും പാചകവാതകത്തിന് വില വർദ്ധിക്കുന്നു. പാചകവാതക വില വർദ്ധനവിന് എതിരേ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ.) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രധിഷേധ ധർണ്ണയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കുരുവിള മാത്യൂസ്.
സി.എഫ്.കെ. ജില്ലാ പ്രസിഡൻ്റ് കെ. കുഞ്ഞുമുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രധിഷേധ ധർണ്ണ സംസ്ഥാന വൈസ് ചെയർപേഴ്സൺ സജിനി തമ്പി ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ കുരുവിള മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഏ. എം. സെയ്ദ്, ജില്ലാ വൈസ് പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ, വിൻസൻ്റ് കളമശേരി എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ