മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ പോത്ത് കർഷകരെ വഞ്ചിക്കുന്നു.
കോട്ടയം: വിപണി ഇല്ലാതെ ബുദ്ധിമുട്ടുന്ന പോത്ത് ആട് വളർത്തൽ കർഷകരെ എംപിഐ വഞ്ചിക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെകട്രി എബി ഐപ്പ് ആരോപിച്ചു. പോത്ത്, എരുമ ഉരുക്കൾ ഇവിടെ എത്തിച്ചു നൽകിയാൽ ജീവനോടെ തൂക്കി കിലോയാക്ക് 105 രൂപയും കാളയ്ക്കും പശുവിനും 95 രൂപയും ആടിന് 250 രൂപയുമാണ് കർഷകർക്ക് നൽകുന്നത്. ഈ വിലയ്ക്ക് വിൽപ്പന നടത്തിയാൽ കർഷകന് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്. അതിനാൽ, കർഷകർ ഇവിടെ വിൽപ്പന നടത്താൻ തയ്യാറാകുന്നില്ല. ഇതിന്റ മറവിൽ കരാറുകാരുമായി ഒത്തുകളിച്ച് അന്യസംസ്ഥാനത്തു നിന്നും മൃഗങ്ങളെ അധിക വിലയ്ക്ക് ഇറക്കി കർഷകരെ ഇവർ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. ജീവനോടെ തൂക്കുമ്പോൾ പോത്തിനും എരുമയ്ക്കും കിലോയിക്ക് 175 രൂപയും കാളയ്ക്കും പശുവിനും 130 രൂപയും ആടിന് 350 രൂപായും എങ്കിലും കിട്ടിയാലെ കർഷകനു പിടിച്ചു നിൽക്കാനാകൂ. വർദ്ധിച്ചു വരുന്ന തീറ്റച്ചെലവും കുട്ടികളുടെ വില വർദ്ധനവും ഇതിനു കാരണമാണ്. കരാർ അടിസ്ഥാനത്തിൽ എത്തിക്കുന്ന മൃഗങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്ന ആക്ഷേപവും ശക്തമാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നിരവധി കർഷകരാണ് ഇടനിലക്കാരുടെ ഇടപെടൽ മൂലം വില കിട്ടാതെ ബുദ്ധിമുട്ടുന്നത്. ഈ സാഹചര്യത്തിൽ, ഈ വിഷയത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ