ഭീകരരെ ഉപയോഗിച്ച് ‘നിഴല്‍യുദ്ധം’; ക്വാഡിൽ പാക്കിസ്ഥാന് പരോക്ഷ വിമര്‍ശനം.

ഭീകരരെ ഉപയോഗിച്ച് ‘നിഴല്‍യുദ്ധം’; ക്വാഡിൽ പാക്കിസ്ഥാന് പരോക്ഷ വിമര്‍ശനം.
വാഷിങ്ടന്‍:  ഭീകരവാദ പ്രവര്‍ത്തനത്തില്‍ പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനം. ദക്ഷിണേഷ്യയില്‍ ഭീകരരെ ഉപയോഗിച്ചു നടത്തുന്ന ‘നിഴല്‍യുദ്ധ’ത്തെ ക്വാഡ് കൂട്ടായ്മ അപലപിച്ചു. പാക്കിസ്ഥാനുള്ള മുന്നറിയിപ്പാണിതെന്നു നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു.
      ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കും ഭീകരര്‍ക്കു പിന്തുണ നല്‍കുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും ക്വാഡ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്. 
അഫ്ഗാനിസ്ഥാനിലെ നയതന്ത്ര, സാമ്പത്തിക, മനുഷ്യാവകാശ നയങ്ങള്‍ ഏകോപിപ്പിക്കുമെന്നും ദക്ഷിണേഷ്യയിലെ ഭീകരവിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ക്വാഡ് രാജ്യങ്ങള്‍ അറിയിച്ചു. മറ്റൊരു രാജ്യത്തെ ആക്രമിക്കാനുള്ള നീക്കങ്ങള്‍ക്ക് അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കും. അഫ്ഗാനിലെ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്തണമെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കി.
അഫ്ഗാനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. അഫ്ഗാനില്‍ നിന്നു പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു താലിബാന്‍ സുരക്ഷിതമായി വഴിയൊരുക്കണം. അഫ്ഗാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കൂട്ടായ്മ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ